ആണ്‍കുഞ്ഞിനെ പ്രസവിക്കാനായി ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച് കയറ്റി
പാകിസ്താനിലാണ് സംഭവം. ആണ്‍കുഞ്ഞിനെ പ്രസവിക്കാനായി ഗര്‍ഭിണിയായ യുവതിയുടെ തലയില്‍ ആണി അടിച്ച് കയറ്റി. തലയില്‍ ആണിയടിച്ചാല്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കും എന്ന് പറഞ്ഞാണ് ആഭിചാരക്രിയകള്‍ ചെയ്യുന്ന ‘വൈദ്യന്‍’ യുവതിയോട് അരുംക്രൂരത ചെയ്തത്. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി ഇപ്പോള്‍. അഞ്ച് സെന്റീമീറ്റര്‍ (രണ്ട് ഇഞ്ച്) നീളമുള്ള ആണി നെറ്റിയുടെ മുകള്‍ ഭാഗത്തായാണ് അടിച്ച് കയറ്റിയിരുന്നത് എന്നാണ് എക്‌സ്- റേയില്‍ വ്യക്തമാവുന്നത്. എന്നാല്‍ ഇത് തലച്ചോറിനെ ബാധിച്ചിട്ടില്ല എന്നാണ് ഡോക്ടര്‍ പറയുന്നത്.
”തലയില്‍ അടിച്ച് കയറ്റിയ ആണി ഊരിയെടുക്കാന്‍ സ്വയം ശ്രമങ്ങള്‍ നടത്തിയ ശേഷമാണ് യുവതി ആശുപത്രിയിലെത്തിയത്. അവര്‍ ബോധാവസ്ഥയില്‍ തന്നെയായിരുന്നു. എന്നാല്‍ താങ്ങാനാവാത്ത തരത്തിലുള്ള അതിതീവ്രമായ വേദന അനുഭവിക്കുന്നുണ്ടായിരുന്നു. ആണി തലയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ആണി നെറ്റിയിലേക്ക് അടിച്ചുകയറ്റാന്‍ ചുറ്റികയോ മറ്റെന്തെങ്കിലും കനമുള്ള വസ്തുവോ ഉപയോഗിച്ചിട്ടുണ്ടാകാം.” യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ഹെയ്ദര്‍ ഖാന്‍ എ.എഫ്.പിയോട് പ്രതികരിച്ചു. സംഭവത്തില്‍ പെഷവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്.