പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ; കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നത് നാലര മാസത്തിനു ശേഷം
നീണ്ട നാലരമാസത്തിന് ശേഷമാണ് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടു. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നൂറുദിന പരിപാടിയിലുടെ 1557 പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 20ന് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച 100 ദിന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. കോവിഡിന് ഇടയിലും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടാതെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. അധികാരത്തില്‍ വന്ന് പ്രഖ്യാപിച്ച 100 ദിന പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി മറ്റൊരു നൂറ് ദിനപരിപാടി കൂടി പ്രഖ്യാപിക്കുന്നു. ഫെബ്രുവരി പത്തിനും മെയ് ഇരുപതിനും ഇടയിലായി പദ്ധതികള്‍ തീര്‍ക്കണം.
കൊവിഡ് മൂന്നാം തരംഗത്തില്‍ കേരളം നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ആദ്യ ഡോസ് വാക്സീനേഷന്‍ 100 ശതമാനമാക്കാന്‍ കഴിഞ്ഞെന്നും കൊവിഡ് കേസുകള്‍ ഇനി വലിയ തോതില്‍ വ്യാപിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡെല്‍റ്റ വകഭേദത്തിന് രോഗതീവ്രത കൂടുതലായിരുന്നു. രോഗവ്യാപനം കൂടുതലാണെങ്കിലും ഒമിക്രോണിന് രോഗതീവ്രത കുറവാണ്. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സീനേഷന്‍ 100 % ആക്കാന്‍ കഴിഞ്ഞു. രണ്ട് ഡോസും എടുത്തവര്‍ 85 ശതമാനമാണ്. 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്സീനേഷന്‍ 74 ശതമാനമാണ് ആയത്. കരുതല്‍ ഡോസിന് അര്‍ഹതയുള്ള 41 ശതമാനം പേര്‍ക്ക് വാക്സീന്‍ നല്‍കാനായി. മഹാഭൂരിപക്ഷം പേരും രോഗപ്രതിരോധ ശേഷി നേടിയിട്ടുണ്ട്.
കേസുകള്‍ ഇനി വലിയതോതില്‍ വര്‍ധിക്കാന്‍ സാഹചര്യമില്ലെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ എല്ലാവരും കുറച്ച് നാള്‍ കൂടി നല്ലരീതിയില്‍ ജാഗ്രത പാലിക്കണം. നിലവില്‍ ആകെയുള്ള 2,83,676 ആക്ടീവ് കൊവിഡ് കേസുകളില്‍ 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 54 ശതമാനം ഐസിയു കിടക്കകകകളും ഒഴിവാണ്. 14.1 ശതമാനം പേര്‍ മാത്രമാണ് വെന്റിലേറ്ററില്‍ ഉള്ളത്. 85 ശതമാനത്തോളം വെന്റിലേറ്ററുകള്‍ ഒഴിവുമുണ്ട്. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം നാലരമാസം മുന്‍പാണ് നിര്‍ത്തിയത്. അതിനുശേഷം സില്‍വര്‍ ലൈന്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വഴിയും സിപിഎം സമ്മേളനങ്ങളിലെ പ്രസംഗങ്ങളിലൂടെയും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നെങ്കിലും വാര്‍ത്താസമ്മേളനം നടത്തി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല.