46 മണിക്കൂറിന് ശേഷം രക്ഷാദൗത്യം വിജയകരം

നീണ്ട 46 മണിക്കൂറിന് ശേഷം മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. 4 രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെല്‍റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ച ഇന്ത്യന്‍ സൈന്യം ബാബുവിനെ മലമുകളിലേക്ക് എത്തിക്കുന്നത് ഏകദേശം പത്ത് മണിയോടെയാണ്. തുടക്കത്തില്‍ ശാരീരിക അവശതകളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛര്‍ദിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് ബാബുവിനെ രക്ഷിക്കാനായി ഹെലികോപ്റ്റര്‍ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. ബാബുവിനെ മലമുകളിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും നല്‍കിയതാണ്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യന്‍ ആര്‍മിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങള്‍, രാത്രിയില്‍ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാന്‍ പ്രതിസന്ധികളേറെയായിരുന്നു. വെള്ളമോ ഭക്ഷണമോ നല്‍കാന്‍ യന്ത്രങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ സാധിക്കാത്ത വിധത്തില്‍ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകളില്‍ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തില്‍ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താന്‍ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാന്‍ ബാബുവിന് കഴിഞ്ഞു എന്നതാണ് നിര്‍ണായകമായത്.

കശ്മീരിലും മറ്റും സമാനമായ നിരവധി ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സംഘത്തിലുള്ളവരെല്ലാം പര്‍വതാരോഹകരാണ്. ഭൂപ്രകൃതി അറിയാത്തതുകൊണ്ടുള്ള ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഭയങ്കര കുത്തനെയുള്ള മലയായിരുന്നു ചെറാടിലേത്. രാത്രിയില്‍ തന്നെ മലയിലേക്ക് കേറാന്‍ ശ്രമിച്ചിരുന്നു. രണ്ട് തവണ ബാബുവിന്റെ അടുത്ത് വരെ പോയി. 200 മീറ്റര്‍ അകലെ നിന്ന് ബാബുവിന് ആത്മവിശ്വാസം നല്‍കി. അവിടെ നിന്ന് 400 മീറ്റര്‍ മുകളിലേക്ക് രാവിലെ ആറ് മണിയോടെയാണ് എത്തിയത്. ഡ്രോണാണ് ഏറ്റവും കൂടുതല്‍ സഹായകരമായത്. ബാബു ഇരിക്കുന്ന സ്ഥല ലൊക്കേറ്റഅ ചെയ്യാനും മറ്റും ഡ്രോണ്‍ വളരെയധികം സഹായിച്ചു. ഒപ്പം എന്‍ഡിആര്‍എഫിന്റെ സംഘവും, പൊലീസ് സേനയും ചേര്‍ന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. മാനസികമായ കരുത്തനായിരുന്നു ബാബു. വളരെ ആത്മവിശ്വാസത്തോടെയാണ് ബാബു ഞങ്ങളോട് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ബാബുവിനെ രക്ഷപ്പെടുത്താനും പെട്ടെന്ന് സാധിച്ചു’.

മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ്, കേരളത്തില്‍ ഒരാള്‍ക്കായി നടക്കുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴയില്‍ നടന്നത്.