അട്ടപ്പാടി മധു വധക്കേസ് നേരത്തേ പരിഗണിക്കാന്‍ തീരുമാനം
വിവാദമായ അട്ടപ്പാടി മധു വധക്കേസ് നേരത്തേ പരിഗണിക്കാന്‍ തീരുമാനം. ഫെബ്രുവരി 18 ന് കേസ് പരിഗണിക്കും. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കേസിലെ പ്രതികള്‍ക്ക് ഇന്ന് ഡിജിറ്റല്‍ തെളിവുകളും , കുറ്റപത്രവും കൈമാറി. കോടതിയില്‍ എത്തിയാണ് പ്രതികള്‍ തെളിവുകള്‍ ശേഖരിച്ചത്. കുറ്റപത്രവും, ഡിജിറ്റല്‍ തെളിവുകളും പ്രതികള്‍ക്ക് നല്‍കാത്തതിനാല്‍ കേസ് നീണ്ടുപോവുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ മാസം 18 ന് മണ്ണാര്‍ക്കാട് എസ്.സി / എസ്.ടി കോടതി കേസ് പരിഗണിക്കും. അട്ടപ്പായിലെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം നേരത്തെ പുറത്തുവന്നിരുന്നു. മധുവിനേറ്റത് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
വടികൊണ്ടുള്ള അടിയില്‍ മധുവിന്റെ ഇടതുഭാഗത്തെ വാരിയെല്ല് പൊട്ടിയിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. വടികൊണ്ടുള്ള ഷംഷുദ്ദീന്റെ അടിയിലാണ് മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടിയത്. ഷംഷുദ്ദീന്‍ സി.ഐ.ടി.യു നേതാവും ഡ്രൈവറുമാണ്. ഒന്നാം പ്രതി ഹുസൈന്‍ മധുവിന്റെ നെഞ്ചില്‍ അഞ്ഞു ചവിട്ടിയതായും കുറ്റപത്രം പറയുന്നു. ചവിട്ടേറ്റ് വീണ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാരത്തിലിടിച്ചു പരിക്കേറ്റു. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്.
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് പട്ടാപ്പകല്‍ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തത്. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി മധു മരണപ്പെടുകയായിരുന്നു. മധുവിനെ കൈകള്‍ ബന്ധിച്ച് മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്ത അക്രമികള്‍ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ കേസ് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു.