സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം ; പക വീട്ടല്‍ എന്ന് സ്വപ്ന

ശിവ ശങ്കറിന് എതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് എതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം. എയര്‍ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരെയുള്ള പീഡന പരാതി വ്യാജമെന്ന് കണ്ടെത്തിയ കേസിലാണ് സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എയര്‍ ഇന്ത്യ സാറ്റ്‌സില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സിബു എയര്‍ ഇന്ത്യ മാനേജ്‌മെന്റിനെയും എയര്‍പോര്‍ട്ട് അതോറിറ്റിയെയും അറിയിച്ചതിലെ പകയാണ് വ്യാജ പരാതിക്ക് പിന്നിലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.സാറ്റ്‌സ് വൈസ് പ്രസിഡന്റായിരുന്ന ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. ബിനോയ് ജേക്കബിന്റെ പ്രതികാരമായിരുന്നു കള്ള പരാതി. സ്വപ്നയടക്കം സാറ്റ്‌സിലെ മറ്റ് നാലു പ്രതികള്‍ കള്ള പരാതിക്ക് കൂട്ടുനിന്നു. 2015 ല്‍ ആള്‍മാറാട്ടം നടത്തി വ്യാജ പീഡന പരാതി കൊടുപ്പിച്ചതില്‍ സ്വപ്നയ്ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

നീതു മോഹന്‍ എന്ന വ്യക്തി പാര്‍വതി സാബു എന്ന കള്ളപ്പേരില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് മൊഴി നല്‍കിയെന്നും തിരിച്ചറിയല്‍ രേഖകള്‍ കൃത്യമായി പരിശോധിക്കാത്തതിന് ഐ സി സി ചെയര്‍പേഴ്‌സണെയടക്കം പ്രതിചേര്‍ത്തുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. സ്വപ്ന രണ്ടാം പ്രതിയാണ്. സാറ്റ്‌സിലെ ജീവനക്കാരായ ദീപക് ആന്റഖോ, ഷീബ എന്നിവരും പ്രതി പട്ടികയിലുണ്ട് . 2016 ലാണ് സിബു പരാതി നല്‍കിയത്. ആദ്യം വലിയതുറ പൊലീസ് അന്വേഷിച്ച സിബുവിന്റെ പരാതി 2019 ല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. അതേസമയം പെട്ടന്നുള്ള ഈ നടപടിക്ക് പിന്നില്‍ ശിവശങ്കര്‍ ആണ് എന്നാണ് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് സ്വപ്ന ആവര്‍ത്തിക്കുന്നു.