യു.പി കേരളമായി മാറുമെന്ന് യോഗി ; ഒറ്റക്കെട്ടായി മറുപടി നല്‍കി കേരളം

കേരളത്തിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തിനെതിരെ മറുപടിയുമായി കേരളം. ഭരണ പക്ഷവും പ്രതി പക്ഷവും ഒരേ സ്വരത്തിലാണ് ഈ വിഷയത്തിന് മറുപടി നല്‍കുന്നത്. യോഗി ആദിത്യനാഥ് ഭയപ്പെടുന്നതു പോലെ യുപി കേരളമായാല്‍, ആരും ജാതിയുടേയും മതത്തിന്റേയും പേരില്‍ കൊല്ലപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മികച്ച വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സാമൂഹ്യക്ഷേമം, ഉയര്‍ന്ന ജീവിത നിലവാരം എന്നിവ ഉറപ്പു വരും എന്ന് മാത്രമല്ല, മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടാത്ത യോജിപ്പുള്ള സമൂഹവുമായിരിക്കും. ഇതാണ് യഥാര്‍ത്ഥത്തില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പിണറായി വിജയന്‍ ട്വീറ്റില്‍ പറഞ്ഞു.

‘യു.പി കേരളമായാല്‍ മികച്ച വിദ്യാഭ്യാസം ലഭിക്കും, കശ്മീരായാല്‍ പ്രകൃതി ഭംഗിയുണ്ടാവും, ബംഗാളായാല്‍ മികച്ച സംസ്‌കാരവുമുണ്ടാകും’ എന്നാണ് ശശി തരൂര്‍ എം പി മറുപടി നല്‍കിയത്. ഉത്തര്‍പ്രദേശിനോട് കേരളത്തെ പോലെയാകാന്‍ ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. ബഹുസ്വരത, ഐക്യം, വികസനം എന്നിവ തെരഞ്ഞെടുക്കുക. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനിക്കുന്ന ഇന്ത്യക്കാരാണെന്നും വി.ഡി ട്വീറ്റ് ചെയ്തു. കേരളത്തിനെതിരായ യോഗിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ആദ്യം രംഗത്തെത്തിയത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്താണ്. ഉത്തര്‍പ്രദേശ് കേരളത്തെ പോലെയാകുന്നതാണ് നല്ലതെന്ന് രാകേഷ് ടികായത് പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെങ്കിലും കേരളത്തിനൊപ്പം എത്താന്‍ സാധിക്കുമല്ലോയെന്നും അദ്ദേഹം യോഗിയെ പരിഹസിച്ചു.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യുപി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തിന് ജയിലില്‍ പോയിട്ടില്ലെന്ന് പരിഹസിച്ചു. അഞ്ച് വര്‍ഷത്തിനിടെ യുപിയില്‍ വര്‍ഗീയ ലഹള ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ കോല നടന്നിട്ടില്ലെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു യുപി മന്ത്രി പോലും അമേരിക്കയില്‍ ചികിത്സയ്ക്ക് പോയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
സൂക്ഷിച്ച് വോട്ടുചെയ്തില്ലെങ്കില്‍ യുപി, കേരളം പോലെയാകുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശമാണ് രാഷ്ട്രീയ സൈബര്‍ പോരിന് തുടക്കമിട്ടത്.