ജോലിക്ക് കയറിയ ആദ്യ ദിവസം ബോറടി മാറ്റാന്‍ ജീവനക്കാരന്‍ ചെയ്തത് ; ഏഴ് കോടിയുടെ പെയിന്റിംഗില്‍ കണ്ണുകള്‍ വരച്ചു ചേര്‍ത്തു
തൊഴിലിന്റെ തൊഴിലിടത്തിന്റെയും മഹത്വം മനസിലാക്കാത്തവരെ ജോലിക്ക് വെക്കരുത് എന്നതിന് ഉദാഹരണമാണ് ഈ സംഭവം. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ മധ്യ-റഷ്യയിലെ യെക്കാറ്റെറിന്‍ബര്‍ഗ് നഗരത്തിലെ ബോറിസ് യെല്‍റ്റ്‌സിന്‍ പ്രസിഡന്‍ഷ്യല്‍ സെന്ററിലാണ് സംഭവം. ബോള്‍ പെന്‍ ഉപയോഗിച്ചായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്റെ ചിത്രംവര. മുഖം വരക്കാന്‍ ഉപയോഗിക്കുന്ന ടൈറ്റാനിയം വൈറ്റ്, വാര്‍ണിഷ് കൊണ്ട് മൂടാത്തതിനാല്‍ പെയിന്റ് പാളിയിലേക്ക് മഷി കടന്നിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ‘ത്രീ ഫിഗേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ കലാസൃഷ്ടി 7.51 കോടിക്ക് തുല്യമായ 74.9 ദശലക്ഷം റഷ്യന്‍ റൂബിളിന് ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. റഷ്യന്‍ കലാകാരനായ കാസിമിര്‍ മാലെവിച്ചിന്റെ ശിഷ്യ അന്ന ലെപോര്‍സ്‌കയയാണ് ഈ കലാസൃഷ്ടിക്ക് പിന്നില്‍. 1932-34 കാലഘട്ടത്തിലാണ് ഇത് വരക്കുന്നത്.
ശക്തമായ സമ്മര്‍ദ്ദമില്ലാതെ പേന ഉപയോഗിച്ച് വരച്ചതിനാല്‍ ചിത്രത്തിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് ഇപ്പോഴും വ്യക്തമല്ലെന്നും പ്രവൃത്തി വിവേകശൂന്യമാണെന്നും ഭരണകൂടം പറഞ്ഞു. കേടുപാടുകള്‍ കൂടാതെ പെയിന്റിംഗ് പൂര്‍വസ്ഥിതിയിലാക്കാന്‍ രണ്ടര ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് അധികൃതരുടെ അഭിപ്രായം.40,000 രൂപ പിഴയും ഒരു വര്‍ഷത്തെ തൊഴില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള നശീകരണ കുറ്റമാണ് സെക്യൂരിറ്റി ജീവനക്കാരനെതിരെ ചുമത്തിയിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് സമയം പോകാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നത്. ചിത്രത്തിന് ഇത്രയും വിലയും പഴക്കവും ഉണ്ട് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും അയാള്‍ പറയുന്നു.