അമ്പലം മുക്ക് കൊലപാതകം ; മുഖ്യ പ്രതി പിടിയില്‍

പേരൂര്‍ക്കട അമ്പലം മുക്കില്‍ യുവതിയെ കഴുത്തു മുറിച്ചു കൊന്ന കേസിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍. തമിഴ് നാട് സ്വദേശി രാജേഷ് ആണ് പിടിയിലായത്. കന്യാകുമാരി ജില്ലയില്‍ തോവാള, വെള്ളമഠം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്രന്‍ (49) നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാള്‍ തമിഴ്‌നാട്ടിലെ നാലു കൊലപാതക ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കൊടുംകുറ്റവാളിയാണ്. കേരളാ പോലീസിന്റെ കഴിഞ്ഞ അഞ്ചു ദിവസമായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരന്തര പരിശ്രമത്തിനും ഒടുവിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. കുറ്റകൃത്യത്തിന് ശേഷം തെളിവുകള്‍ അവശേഷിപ്പിക്കാതെ വേഷം മാറി ലിഫ്റ്റ് ചോദിച്ച് പല വാഹനങ്ങളിലായി രക്ഷപ്പെടുകയായിരുന്നു ഇയാള്‍.

പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പോലീസിന് വെല്ലുവിളിയായിരുന്നു. സി സി ടി വി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും മാത്രമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രതിയിലേക്ക് എത്താനുള്ള മാര്‍ഗ്ഗങ്ങള്‍. കൃത്യമായ വിശകലനങ്ങളൂം പഴുതടച്ചുള്ള അന്വേഷണവും പ്രത്യേക സംഘങ്ങളായി നടത്തിയ തിരച്ചിലും പ്രതിയെ പരമാവധി വേഗത്തില്‍ തന്നെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സഹായകമായി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ കാവല്‍കിണര്‍ എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ട വിനീതയുടെ നാല് പവനോളം തുക്കം വരുന്ന സ്വര്‍ണ്ണ മാല കവരുന്നതിനായാണ് പ്രതി ക്രൂര കൃത്യം നടത്തിയത്. ഇയാള്‍ പേരൂര്‍ക്കട ഭാഗത്തെ ഒരു ഹോട്ടലില്‍ ഒരു മാസത്തിലേറെയായി ജോലി നോക്കി വരികയായിരുന്നു.

ഞായറാഴ്ച നിയന്ത്രണത്തിന്റെ ഭാഗമായി തിരക്ക് കുറഞ്ഞതിനാല്‍ കൃത്യത്തിനായി ഇയാള്‍ ഈ ദിവസം തെരഞ്ഞെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നാലു കൊലപതാക കേസുകള്‍ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ അമ്പത്തൂര്‍, തൂത്തുക്കുടി, തിരുപ്പൂര്‍ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, മോഷണം അടിപിടി, തുടങ്ങിയ നിരവധി കേസുകളിലും പ്രതിയും തമിഴ്‌നാട്ടില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് രാജേഷ്.