കടല്‍ വഴിയുള്ള നുഴഞ്ഞു കയറ്റം ; ഗുജറാത്തില്‍ ആറ് പാക്ക് സ്വദേശികള്‍ പിടിയില്‍
ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ആറ് പാക്കിസ്ഥാന്‍ സ്വദേശികളെ പോലീസ് പിടികൂടി. ബിഎസ്എഫും ഗുജറാത്ത് പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രണ്ട് ഘട്ടങ്ങളിലായി ആറ് പേരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ ബിഎസ്എഫിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് 11 ബോട്ടുകള്‍ ബുജ് തീരത്തെ കടലിടുക്കില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി തിരച്ചില്‍ നടത്തുകയായിരുന്നു.
പതിനൊന്ന് ബോട്ടുകള്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ പേര്‍ രാജ്യത്തേക്ക് എത്തിയിട്ടുണ്ടായേക്കുമെന്ന നിഗമനത്തിലാണ് തിരച്ചില്‍ സംഘം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ബോട്ടിലുള്ളവര്‍ കരയിലേക്ക് കടന്നോ അതോ തീരമേഖലയില്‍ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം. കണ്ടല്‍ കാടുകള്‍ നിറഞ്ഞ ചതുപ്പ് മേഖലയായതിനാല്‍ തെരച്ചില്‍ ദുഷ്‌കരമാണ്. വ്യോമസേനയുടെ തിരച്ചിലിനായി മൂന്ന് സംഘങ്ങളെ ഹെലികോപ്റ്ററിലെത്തിച്ച് ഇന്നലെ മൂന്നിടങ്ങളിലായി എയര്‍ ഡ്രോപ് ചെയ്തിരുന്നു. തീരത്തു സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.