പീഡനക്കേസില്‍ വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാറിന് മുന്‍കൂര്‍ ജാമ്യം
ബലാത്സംഗ കേസില്‍ വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം . ഹൈക്കോടതിയാണ് ശ്രീകാന്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍വെച്ചും ഹോട്ടലില്‍ വെച്ചും യുവതിയെ പീഡിപ്പിച്ചെന്നാണ് ശ്രീകാന്ത് വെട്ടിയാറിനെതിരായ കേസ്. എന്നാല്‍ ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നുമായിരുന്നു ശ്രീകാന്തിന്റെ വാദം. പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.
ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ലാറ്റില്‍ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ഫേസ്ബുക്ക് പേജ് വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത്. പിന്നീട് കോച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതിയും നല്‍കി. ‘വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്’ എന്ന പേജ് വഴിയായിരുന്നു വെളിപ്പെടുത്തല്‍. യുവതി കൊച്ചിയില്‍ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രീകാന്ത് വെട്ടിയാര്‍ സുഹൃത്തുക്കള്‍ വഴി പലവട്ടം സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.