അമ്പലം മുക്ക് കൊലപാതകം ; പ്രതി രാജേന്ദ്രന്റെ ചരിത്രം അറിഞ്ഞു ഞെട്ടി പോലീസ്

അമ്പലമുക്ക് കൊലപാതകത്തില്‍ പിടിയിലായ പ്രതി രാജേന്ദ്രന്റെ വിദ്യാഭ്യാസയോഗ്യത അടക്കം കണ്ട് അമ്പരക്കുകയാണ് പൊലീസ്. കൊടും കുറ്റവാളിയായ രാജേന്ദ്രന്റെ അഞ്ചാമത്തെ ഇരയാണ് അമ്പലമുക്കില്‍ കൊല്ലപ്പെട്ട വിനീത എന്ന് പോലീസ് പറയുന്നു. എം എ ഇക്കണോമിക്‌സ് ബിരുദധാരിയാണ് രാജേന്ദ്രനെന്നാണ് പൊലീസ് കണ്ടെത്തിയത്. ഓണ്‍ലൈനായും വിദൂരവിദ്യാഭ്യാസകോഴ്‌സ് വഴിയും എംബിഎ ബിരുദവും നേടി. മോഷ്ടിച്ചടക്കം കിട്ടിയ പണം ഉപയോഗിച്ച് ഇയാള്‍ സ്ഥിരമായി ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്താറുണ്ടെന്നും പൊലീസിന് വ്യക്തമായി. അമ്പലമുക്കില്‍ ജോലിക്ക് നിന്നിരുന്ന കടയില്‍ വച്ച് വിനിതയെ കൊന്ന് മോഷ്ടിച്ച സ്വര്‍ണമാല പണയം വെച്ച് കിട്ടിയ തുക നിക്ഷേപിച്ചതും ഓണ്‍ലൈന്‍ ട്രേഡിംഗിലാണ്. മാല കന്യാകുമാരിയില്‍ പോയി പണയം വച്ച് 32,000 രൂപ വാങ്ങി.

സ്വര്‍ണം മോഷ്ടിക്കാന്‍ രാജേന്ദ്രന്‍ മറ്റൊരു കൊലപാതകവും ചെയ്തിട്ടുണ്ട്. പക്ഷ ഒരു കേസിലും ഇതേ വരെ ശിക്ഷിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. 2014ല്‍ അച്ഛനും അമ്മയും മകളുമടക്കം ഒരു കുടുംബത്തെ കൊന്ന് തള്ളിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ വസന്തി , മകള്‍ അബി ശ്രീ എന്നിവരെ ഇയാള്‍ കൊലപ്പെടുത്തിയെന്നാണ് കേരളാ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇത്രയും വിദ്യാഭ്യാസയോഗ്യതയുള്ള രാജേന്ദ്രന്‍ എന്തിനാണ് പേരൂര്‍ക്കടയിലെ ചായക്കടയില്‍ ജോലിക്ക് നിന്നതെന്നതിന് പൊലീസിനും കൃത്യമായ ഉത്തരമില്ല. ചോദ്യങ്ങള്‍ക്ക് രാജേന്ദ്രന്‍ കൃത്യം മറുപടി നല്‍കുന്നുമില്ല. ആദ്യമൊന്നും രാജേന്ദ്രന്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഒരു തരി പോലും സഹകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് താന്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും, കൊലപാതകശ്രമങ്ങളെക്കുറിച്ചും, മോഷണങ്ങളെക്കുറിച്ചും രാജേന്ദ്രന്‍ പൊലീസിനോട് വെളിപ്പെടുത്തല്‍ നടത്തി. തമിഴ്‌നാട് പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ രാജേന്ദ്രന്‍ ഇതിന് മുമ്പ് നടത്തിയ കൊലപാതകങ്ങളുടെ വിവരങ്ങളും കേരളാ പൊലീസിന് ലഭിച്ചു.

തനിച്ച് കുറ്റകൃത്യം ചെയ്ത് കറങ്ങി നടക്കുന്ന രാജേന്ദ്രന് ഇനിയും കൂടുതല്‍ കേസുകളില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇപ്പോഴും കന്യാകുമാരിയിലെ പല ഇടങ്ങളിലായി രാജേന്ദ്രനെയും കൊണ്ട് തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള ഞായറാഴ്ചയാണ് രാജേന്ദ്രന്‍ മോഷണത്തിനായി തെരഞ്ഞെടുത്തത്. സ്ത്രീകളുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണ് ചായക്കടയിലെ ജോലിക്കുശേഷം ഇയാള്‍ ഇറങ്ങിയത്. അമ്പലമുക്കില്‍ വച്ച് ആദ്യം തനിച്ച് യാത്ര ചെയ്ത ഒരു സ്ത്രീയെ ലക്ഷമിട്ടു. എന്നാല്‍, തൊട്ടടുത്ത് മറ്റ് ആളുകളെ കണ്ടപ്പോള്‍ ചെടിക്കടയുള്ള റോഡിലേക്ക് നീങ്ങി. കടക്കുള്ളില്‍ കയറി രാജേന്ദ്രന്‍ ജീവനക്കാരിയായ വിനിതയോട് ചെടിച്ചട്ടി ആവശ്യപ്പെട്ടു. ഏതു തരത്തിലുള്ള ചട്ടി വേണമെന്ന് ചോദിച്ചപ്പോള്‍ ഉത്തരമുണ്ടായില്ല. സംശയം തോന്നിയ വിനീത ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ വായ് പൊത്തിപ്പിടിച്ചു. കഴുത്തിന് കുത്തിക്കൊന്നു.

വിനിത പിടയുമ്പോള്‍ 5 മിനിറ്റ് കടയുടെ പടിയിലിരുന്ന രാജേന്ദ്രന്‍ അവരുടെ മരണം ഉറപ്പാക്കിയ ശേഷമാണ് സ്വര്‍ണമാലയുമായി കടന്നത്. പ്രതിയെ ആരും കണ്ടിരുന്നില്ല. സ്ത്രീയുടെ നിലവിളി പോലും ആരും കേട്ടില്ല. ഒരു തുമ്പുമില്ലാതെ ആദ്യത്തെ മൂന്നു ദിവസം പൊലീസ് നന്നായി അലഞ്ഞു. ആകെ പിടിവള്ളിയായത് സമീപത്തെ ഒരു സിസിടിവിയില്‍ പതിഞ്ഞ ഒരു യുവാവിന്റെ ദൃശ്യമാണ്. ഞായറാഴ്ച 11.30ന് ശേഷം തലയില്‍ സ്‌കാര്‍ഫ് ധരിച്ച ഒരാള്‍ ഓട്ടോയില്‍ കയറി പോകുന്നത് പൊലീസ് ശ്രദ്ധിച്ചു. മെഡിക്കല്‍ കോളജിലേക്കെന്ന് പറഞ്ഞ് വാഹനത്തില്‍ കയറി ഇയാള്‍ മുട്ടടയില്‍ ഇറങ്ങിയതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കി. പൊലീസിന് സംശയം തോന്നി. വീണ്ടും സിസിടിവികള്‍ പരിശോധിച്ചു. ഇതേ വ്യക്തി ഒരു ആക്ടീവ സ്‌കൂട്ടറില്‍ കയറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ദൃശ്യങ്ങളും രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു. അപരിചിതന്‍ ഉള്ളൂരിലിറങ്ങിയതായി സ്‌കൂട്ടര്‍ ഉടമ പൊലീസിനോട് പറഞ്ഞു. പിന്നെയും പൊലീസ് തുമ്പ് കിട്ടാതെ വലഞ്ഞു. ഉള്ളൂരില്‍ നിന്നും ഇയാള്‍ പേരൂര്‍ക്കടയിലേക്ക് പോയതായി മറ്റൊരു ഓട്ടോ ഡ്രൈവര്‍ വിവരം നല്‍കി.

പേരൂര്‍ക്കട കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കൊലപാതകം നടന്ന ദിവസം രാവിലെ രാജേന്ദ്രന്‍ ആശുപത്രിക്കു സമീപത്ത് നിന്നും അമ്പലമുക്കിലേക്ക് നടന്നുവരുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. അങ്ങനെ അന്വേഷണം പേരൂര്‍ക്കട പൊലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയിലെത്തുകയായിരുന്നു. ഈ ചായക്കടയിലെ ഒരു ജീവനക്കാരന്‍ ചൊവ്വാഴ്ച കൈക്കേറ്റ പരിക്കിന് ചികിത്സ തേടിയെന്ന് പൊലീസിന് ആശുപത്രിയില്‍ നിന്നും മനസ്സിലായി. അടുക്കള ജോലിക്കിടെ കൈയ്ക്ക് പരിക്കേറ്റ രാജേഷെന്ന തൊഴിലാളി നാട്ടിലേക്ക് പോയെന്നായിരുന്നു കടയിലുള്ളവരുടെ മൊഴി. കടയിലുണ്ടായിരുന്ന രാജേഷെന്ന രാജേന്ദ്രന്റെ ആധാര്‍കാര്‍ഡിലെ ചിത്രങ്ങളും സിസിടിവിയുമായി ഒത്തുനോക്കിയ പൊലീസ് ഏതാണ്ട് പ്രതി ഇയാള്‍ തന്നെയെന്ന് ഉറപ്പിച്ചു. ഷാഡോ സംഘം അന്ന് രാത്രി തന്നെ തമിഴ്‌നാട്ടിലേക്ക് പോയി. രാജേന്ദ്രന്‍ താമസിക്കുന്ന കാവല്‍ കിണറിലെ സ്ഥലം കണ്ടെത്തി. പുലര്‍ച്ചയോടെ പ്രതിയെ പോലീസ് തലസ്ഥാനത്ത് എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ് കസ്റ്റഡിയിലെടുത്തത് കൊടുംക്രിമിനലാണെന്ന് പൊലീസിന് വ്യക്തമായത്.