പാര്‍ട്ടിക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നും 54കാരനെ രക്ഷപ്പെടുത്തിയ എസ്‌ഐക്ക് അഭിനന്ദനം
തിരുവനന്തപുരത്തു മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ചയാളെ മര്‍ദ്ദനത്തില്‍നിന്ന് രക്ഷിച്ച അരുവിക്കര സബ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ ശ്യാമിന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കിരണ്‍ ശ്യാമിനെ സംസ്ഥാന പൊലീസ് മേധാവി അനുമോദിച്ചത്. മുന്‍കൂര്‍ അനുമതിയില്ലാതെ പൊതുവേദിയില്‍ മുഖ്യമന്ത്രിയോട് സംസാരിക്കണമെന്ന ആവശ്യവുമായാണ് തിരുവനന്തപുരം വി എസ് എസ് സിയിലെ ക്യാന്റീന്‍ ജീവനക്കാരനായിരുന്ന ആമച്ചല്‍ കാനാകോട് സ്വദേശി മിനികുമാര്‍(54) എത്തിയത്.
എന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാത്തതിനാല്‍ മിനികുമാറിനെ വേദിക്കരികില്‍നിന്നു കൊണ്ടുപോകുന്നതിനിടെ ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കൂട്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. അടിയേറ്റു താഴെവീണ ഇദ്ദേഹത്തെ രക്ഷിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അരുവിക്കര എസ് ഐ കിരണ്‍ ശ്യാം അദ്ദേഹത്തിന്റെ പുറത്തു കിടന്നു. എസ് ഐ.ക്കും പ്രവര്‍ത്തകരുടെ അടിയേറ്റു. അഞ്ച് മിനിറ്റോളം എസ് ഐ അങ്ങനെ കിടന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി മിനികുമാറിനെ മാറ്റി. എസ് ഐയുടെ കൈയിലുണ്ടായിരുന്ന വാച്ച് പൊട്ടിപ്പോവുകയും ചെയ്തിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ എസ് ഐ കിരണ്‍ ശ്യാമിന് അഭിനന്ദനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ഇതിന്റെ ചിത്രം പങ്കുവെച്ചിരുന്നു.