ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഡാലോചന എന്ന് ഗവര്‍ണ്ണര്‍

കര്‍ണാടകയില്‍ അരങ്ങേറുന്ന ഹിജാബ് സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്നവരാണ് പെണ്‍കുട്ടികള്‍. മുസ്ലീം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ‘വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ല. സിഖുകാരുടെ വസ്ത്ര രീതിയുമായി ഹിജാബിനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും സിഖ് മത വിശ്വാസ പ്രകാരം തലപ്പാവ് നിര്‍ബന്ധമാണെന്നും ഗവര്‍ണര്‍ കൂട്ടി ചേര്‍ത്തു.

കഴിഞ്ഞ ദിവസവും ഹിജാബ് വിഷയത്തില്‍ കേരള ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. മുസ്ലിം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിനെതിരായിരുന്നാണ് ഗവര്‍ണറുടെ വാദം. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. അതേസമയം ഹിജാബ് വിവാദത്തിലെ രാജ്യാന്തര പ്രതികരണത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തരവിഷയങ്ങളില്‍ ദുരുദ്ദേശ പ്രതികരണം വേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. യു എസ് അംബാസഡര്‍ റാഷിദ് ഹുസ്സൈന്റെ പരാമര്‍ശങ്ങളിലാണ് പ്രതികരണം നടത്തിയത്. നേരത്തെ അമേരിക്കയും പാകിസ്ഥാനും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് നിലവില്‍ ഇതെന്നാണ് മന്ത്രാലയം ഓര്‍മിപ്പിക്കുന്നത്.