ആറുദിവസം മുമ്പ് വിവാഹിതയായ യുവതിയുടെ മൃതദേഹം പുഴയില്‍
വിവാഹശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയ യുവതിയുടെ മൃതദേഹം പുഴയില്‍. മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലാണ് സംഭവം. വള്ളിക്കുന്ന് സ്വദേശി ആര്യയുടെ മൃതദേഹമാണ് പുഴയില്‍നിന്ന് കണ്ടെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും കോഴിക്കോട് കക്കോടി സ്വദേശി ശാശ്വതുമായുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആദ്യമായി ഇന്നലെയാണ് ആര്യ സ്വന്തം വീട്ടിലെത്തിയത്. ഇവിടെ നിന്ന് വൈകിട്ട് നാല് മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനായി അടുത്ത കടയിലേക്ക് പോയ ആര്യയെ കാണാതാകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ആര്യ തിരികെ വരാത്തതതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം തുടങ്ങി. ഇതിനിടെയാണ് ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും കടലുണ്ടി പുഴയ്ക്ക് സമീപം കണ്ടത്. ഇതേത്തുടര്‍ന്ന് പുഴയില്‍ ഇന്നലെ രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചെങ്കിലും ഉച്ചയോടുകൂടിയാണ് കോട്ടക്കടവിനടുത്ത് മണ്ണൂരില്‍നിന്ന് ആര്യയുടെ മൃതദേഹം കണ്ടെടുത്തത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്യയുടെ വീട്ടുകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും ശാശ്വതും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം ആര്യയുടെ വീട്ടുകാരും ബന്ധുക്കളും ശാശ്വതിന്റെ വീട്ടില്‍ പോയിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യമായാണ് ആര്യ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം വന്നത്