വീല്‍ ചെയര്‍ കയറ്റാന്‍ അനുവാദം ഇല്ല ; വികലാംഗയ്ക്ക് ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചു
രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ആണ് ശാരീരിക വൈകല്യമുള്ള യുവതിക്ക് നേരെ ഈ ക്രൂരത അരങ്ങേറിയത്. വീല്‍ ചെയറില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ യുവതിക്ക് റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചു. സ്ഥാപനത്തില്‍ വീല്‍ചെയര്‍ അനുവദിക്കില്ലെന്നും, മറ്റ് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടിക്കുമെന്നും പറഞ്ഞായിരുന്നു പ്രവേശനം വിലക്ക്. ഡല്‍ഹി നിവാസിയായ സൃഷ്ടി പാണ്ഡെ എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ”എന്റെ സുഹൃത്തിന്റെ സഹോദരന്‍ റസ്റ്റോറന്റില്‍ റിസര്‍വേഷന്‍ എടുത്തിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ വീല്‍ചെയര്‍ ഉള്ളില്‍ അനുവദിക്കില്ലെന്നും മറ്റ് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞ് മാനേജര്‍ പ്രവേശനം നിഷേധിച്ചു. പുറത്തെ ടേബിളില്‍ ഇരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ചലനശേഷിയില്ലാത്ത ശരീരം ആയതിനാല്‍ കൂടുതല്‍ നേരം തണുപ്പില്‍ ഇരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു.” – സൃഷ്ടി വ്യക്തമാക്കി.
എന്നാല്‍ ഇത് ആദ്യസംഭവമല്ലെന്നും, മുന്‍പും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സൃഷ്ടി പറഞ്ഞു. രാജ്യത്തെ മറ്റേതൊരു പൗരനെയും പോലെ അടിസ്ഥാന സ്വീകാര്യതയും അവകാശങ്ങളും തങ്ങള്‍ക്കും ആവശ്യമാണ്. തന്റെ ദൈനംദിന ജീവിത പോരാട്ടത്തിന്റെ ഭാഗമാണ് ഇത്തരം സംഭവങ്ങള്‍ എന്നും ഡല്‍ഹി യൂണിവേഴ്സിറ്റി സൈക്കോളജി മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിനി കൂടിയായ പാണ്ഡെ വേദനയോടെ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ തന്റെ ദുരനുഭവം സൃഷ്ടി പങ്കുവെച്ചിരുന്നു. ആ റെസ്റ്റോറന്റ് ഇനി സന്ദര്‍ശിക്കില്ലെന്ന് പറഞ്ഞ് നിരവധി പേര്‍ പിന്തുണച്ചു. റെസ്റ്റോറന്റിനെതിരെ പരാതി നല്‍കാന്‍ നിയമപരമായ പിന്തുണ വാഗ്ദാനം ചെയ്തും ആളുകള്‍ രംഗത്തെത്തി. എന്നാല്‍ റെസ്റ്റോറന്റില്‍ നിന്ന് ആരും ഇതുവരെ ബന്ധപ്പെടുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ലെന്നും സൃഷ്ടി പറഞ്ഞു.