തുടരുന്ന സര്‍ക്കാര്‍ തല ഉദ്യോഗസ്ഥ ക്രൂരത ; വീട്ടില്‍ സെപ്റ്റിക് ടാങ്ക് പണിയാന്‍ പോലും അനുവാദമില്ലാതെ കേരളീയര്‍
പൊതുജനത്തിനെ കഴുതകളാക്കി വട്ടം ചുറ്റിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗം ഉണ്ട്. നമ്മുടെ പണത്തിനു തിന്നു കൊഴുത്തു ഏമ്പക്കം വിട്ടിരിക്കുന്നവരെ നേരിട്ട് കാണണം എങ്കില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ എന്ന് പറയുന്ന അന്യഗ്രഹ മേഖലയില്‍ ഒന്ന് കയറി ഇറങ്ങിയാല്‍ മതി. ഭരണ പക്ഷം പ്രതിപക്ഷം എന്നിങ്ങനെ പല പേരിലില്‍ യൂണിയനുകള്‍ സംരക്ഷിക്കാന്‍ ഉള്ള ധൈര്യത്തില്‍ സൈക്കോകള്‍ തോറ്റു പോകുന്ന തരത്തിലാണ് കേരളത്തിലെ പല സര്‍ക്കാര്‍ ഓഫീസുകളിലും കാര്യങ്ങള്‍ നടക്കുന്നത്. ഈ സൈക്കോകള്‍ ഭരണ പക്ഷം ആണെങ്കില്‍ പറയുകയും വേണ്ട എന്ത് തോന്നിവാസവും കാണിച്ചു കൂട്ടാന്‍ ഉള്ള ലൈസന്‍സ് ആണ് അവര്‍ക്ക് അതിലൂടെ കിട്ടുന്നത്. വീടിന്റെ ആവശ്യത്തിന് കയറി ഇറങ്ങി മടുത്ത ഒരു ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത വന്നിട്ട് ദിവസങ്ങളെ ആയിട്ടുള്ളു. അയാളുടെ മരണ ശേഷം വര്‍ഷങ്ങള്‍ കൊണ്ട് നടക്കാത്ത കാര്യം രണ്ടു ദിവസം കൊണ്ട് തീര്‍പ്പാക്കി സര്‍ക്കാര്‍ മാതൃക ആവുകയും ചെയ്തു.
അതിനു സമാനമായ ഒരു അവസ്ഥയാണ് കൊല്ലം സ്വദേശി ബിനുവിനും കുടുംബവും മാസങ്ങളായി അനുഭവിച്ചു വരുന്നത്. സ്വന്തമായി വീടുള്ള അവര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് അയല്‍ വാസികളുടെ വാതില്‍ മുട്ടേണ്ട അവസ്ഥയായിരുന്നു. പുതിയതായി നിര്‍മ്മിച്ച വീട്ടിലെ ശുചിമുറി ഉപയോഗിക്കാവാത്ത കുടുംബത്തിന്റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. കക്കൂസിന് കുഴികുത്താനുള്ള അനുവാദം പോലും നല്‍കാതെ ബിനുവിന്റെ കുടുംബത്തെ ദുരിതത്തിലാക്കിയിരിക്കുകയായിരുന്നു ചില ഉദ്യോഗസ്ഥര്‍. മൂന്ന് കുഞ്ഞുങ്ങളുള്ള കടവൂര്‍ സ്വദേശി ബിനുവിന്റെ കുടുംബം പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ടി അര്‍ധരാത്രിയില്‍ പോലും അയല്‍വീടിന്റെ വാതിലില്‍ മുട്ടേണ്ട ഗതികേടിലായയിരുന്നു. പ്രവാസിയായിരുന്ന ബിനുവിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് ഒറ്റ ദിവസം കൊണ്ട് കൊല്ലം കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചു കളഞ്ഞതാണ്.
ആറ് സെന്റ് സ്ഥലത്ത് വീടിന്റെ പണി തുടങ്ങും മുമ്പ് കോര്‍പറേഷനില്‍ നിന്നുളള മുഴുവന്‍ അനുമതിയും ഇവര്‍ വാങ്ങിയിരുന്നു. ഈ വീടിന്റെ സെപ്റ്റിക് ടാങ്കിന്റെ ഏഴര മീറ്റര്‍ പരിധിയിലെങ്ങും കിണറുകളോ മറ്റു ജലാശയങ്ങളോ ഇല്ലെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ രേഖകളില്‍ കൃത്യമായി സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും വീട് പണി തീര്‍ന്ന് മൂന്ന് കുഞ്ഞു മക്കളുമായി ഈ കുടുംബം താമസം തുടങ്ങിയ ഘട്ടത്തില്‍ തൊട്ടടുത്ത വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരു നോട്ടീസ് പോലും കൊടുക്കാതെ സെപ്റ്റിക് ടാങ്ക് പൊളിച്ചു നീക്കിയത്. സ്വന്തം ഭാഗത്ത് ന്യായമുണ്ടായിരുന്നിട്ടും കോര്‍പറേഷന്‍ നടപടിക്കെതിരെ ഇവര്‍ കേസിനും വഴക്കിനുമൊന്നും പോയില്ല. പകരം ഈ വീടിന്റെ മറ്റൊരു ഭാഗത്ത് സെപ്റ്റിക് ടാങ്ക് പണിയാന്‍ അനുമതി തേടി ഈ കുടുംബം വീണ്ടും കോര്‍പറേഷനെ സമീപിച്ചു. ഇപ്പോ ആറ് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഓരോ നിസാര കാരണങ്ങള്‍ പറഞ്ഞ് ഇവരുടെ അപേക്ഷ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുകയായിരുന്നു.
തന്റെ അപേക്ഷയില്‍ തീരുമാനം വേഗം എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിനു കോര്‍പറേഷന്‍ സെക്രട്ടറിയെ സമീപിച്ചിരുന്നു. സെക്രട്ടറി മറുപടി കത്തും നല്‍കി. കോര്‍പറേഷന്റെ മുഴുവന്‍ അനുമതിയോടെയും വീടു വച്ച ഈ കുടുംബം തൊട്ടയല്‍വക്കത്തെ വീട്ടിലെ കക്കൂസ് ഉപയോഗിച്ചോളണം എന്നാണ് ബഹുമാനപ്പെട്ട കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറി എഴുതി കത്തില്‍ പറഞ്ഞിരിക്കുന്നതിന്റെ രത്‌നച്ചുരുക്കം. എന്നാലിപ്പോള്‍ വാര്‍ത്ത വന്നപ്പോള്‍ ബിനുവിനും കുടുംബത്തിനും ഒടുവില്‍ നീതി. വീട്ടില്‍ സെപ്റ്റിക് ടാങ്ക് പണിയാന്‍ കൊല്ലം കോര്‍പ്പറേഷന്‍ അനുമതി പത്രം നല്‍കി. ഏഷ്യാനെറ്റ് ന്യൂസിന്റെ ‘മാറണം മരണനാട’ വാര്‍ത്താ പരമ്പരയാണ് ബിനുവിനും കുടുംബത്തിനും അവസാനം തുണയായത്. ഉദ്യോഗസ്ഥ വീഴ്ച മൂലമുണ്ടായ ബുദ്ധിമുട്ടിന് കൊല്ലം കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കുടുംബത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് പേരാണ് ഉദ്യോഗസ്ഥ പീഡനം കാരണം സംസ്ഥാനത്ത് നരകയാതന അനുഭവിക്കുന്നത് എന്നതും സത്യമാണ്. പണവും പ്രതാപവും രാഷ്ട്രീയ പിടിപാടും ഉള്ളവര്‍ക്ക് എന്തും സാധിക്കുന്ന ഈ നാട്ടില്‍ പാവങ്ങള്‍ നടന്നു നടന്നു ചെരുപ്പ് തേയുന്നതു മിച്ചം.