സ്വര്‍ണ കടത്തിന് മറയാക്കി എന്ന് ആരോപിക്കപ്പെടുന്ന ഖുര്‍ആന്‍ UAE കോണ്‍സുലേറ്റിനു തിരികെ ഏല്‍പ്പിക്കുമെന്നു കെ ടി ജലീല്‍
സ്വര്‍ണ്ണ കടത്ത് വിവാദത്തില്‍ ആരോപിക്കപ്പെട്ട ഖുര്‍ആന്‍ കോപ്പികള്‍ യു എ ഇ കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കാന്‍ തീരുമാനിച്ചു എന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ . ഫേസ്ബുക്കില്‍ ആണ് ഇക്കാര്യം വിശദമാക്കുന്ന കുറിപ്പ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദമായതായിരുന്നു യു എ ഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ കൊണ്ട് വന്നത്. ഇവ എടപ്പാളിലും ആലത്തിയൂരും ഉള്ള സ്ഥാപനങ്ങളില്‍ ആണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് ആണ് ഖുര്‍ആന്‍ കൊണ്ട് വന്നത് എന്നും ഇത് സ്വര്‍ണ കടത്തിന് മറയാക്കി എന്നും അന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചിരുന്നു. ജലീലിനെതിരെ വ്യാപക പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
‘ഇനി യുഡിഎഫിനും ബിജെപിക്കുമുള്ള ഏക കച്ചിത്തുരുമ്പ് പള്ളികളിലും മത സ്ഥാപനങ്ങളിലും വിതരണം ചെയ്യാനായി ഏറ്റുവാങ്ങി രണ്ട് സ്ഥാപനങ്ങളിലായി സൂക്ഷിച്ച വിശുദ്ധ ഖുര്‍ആന്റെ ആയിരത്തോളം കോപ്പികളാണ്. അത് ഞാന്‍ വിതരണം ചെയ്താല്‍ ഏറ്റുവാങ്ങിയവര്‍ വിവിധ ഏജന്‍സികളാല്‍ വിളിക്കപ്പെടാനും ചോദ്യം ചെയ്യപ്പെടാനുമുള്ള സാധ്യത വര്‍ത്തമാന സാഹചര്യത്തില്‍ തള്ളിക്കളയാനാവില്ല. ആര്‍ക്കെങ്കിലും അത്തരമൊരു പ്രയാസമുണ്ടാക്കാന്‍ എനിക്കൊട്ടും താല്‍പര്യമില്ല. ‘ഖുര്‍ആന്‍ കോപ്പികള്‍ എന്ത് ചെയ്യണം എന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണറോട് അന്വേഷിച്ചു എങ്കിലും മറുപടി ലഭിച്ചില്ല. അത്തരം ഒരു സാഹചര്യത്തിലാണ് യു എ ഇ കോണ്‍സുലേറ്റ് നല്‍കിയ ഖുര്‍ആന്‍ കോപ്പികള്‍ അവര്‍ക്ക് തന്നെ തിരിച്ച് നല്‍കാന്‍ മനമില്ലാ മനസ്സോടെ തീരുമാനിച്ചത്. ഏല്‍പ്പിക്കുന്ന തീയതിയും സമയവും ഫേസ്ബുക്കിലൂടെ പിന്നീടറിയിക്കുമെന്നും ജലീല്‍ വ്യക്തമാക്കി.