യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ

റഷ്യ ഉക്രയിന്‍ സംഘര്‍ഷത്തില്‍ അയവ്. യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ജര്‍മന്‍ ചാന്‍സലറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ പ്രതികരണം . യുക്രൈന്‍ പ്രതിസന്ധിയില്‍ നയതന്ത്ര പരിഹാരം തേടാന്‍ റഷ്യ തയാറാണെന്ന് പുടിന്‍ അറിയിച്ചു. അതേസമയം റഷ്യയുടെ ആവശ്യങ്ങളോട് നാറ്റോ സഖ്യം ക്രിയാത്മകമായി പ്രതികരിക്കുന്നില്ല. യൂറോപ്പിന്റെ സൈനിക സഖ്യമായ നാറ്റോയില്‍ ചേര്‍ന്ന് യുക്രൈന്‍ ഒരു യൂറോപ്യന്‍ സഖ്യ രാജ്യമാകുന്നത് റഷ്യ ആഗ്രഹിക്കുന്നില്ല. ഇതാണ് യുദ്ധത്തിന് കാരണം. ഒരു കാലത്ത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പല രാജ്യങ്ങളും ഇന്ന് നാറ്റോയുടെ ഭാഗമാണ്.

നാറ്റോ അമേരിക്കയോട് തികഞ്ഞ കൂറുള്ള ഒന്നാണ്. ശീതയുദ്ധ കാലം തൊട്ടുതന്നെ, തങ്ങളുടെ അതിര്‍ത്തികള്‍ക്കടുത്ത് എവിടെയും നെറ്റോയുടെ സാന്നിധ്യം ഉണ്ടാകരുത് എന്ന് റഷ്യക്ക് നിര്‍ബന്ധമായിരുന്നു. അതേസമയം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ തത്കാലം യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. അനാവശ്യ യാത്രകള്‍ രാജ്യത്തിനുള്ളില്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളാണ് യുക്രൈനിലുള്ളത്. യുക്രൈനിലെ നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍, പ്രത്യേകിച്ചും താമസം അനിവാര്യമല്ലാത്ത വിദ്യാര്‍ഥികള്‍ താത്കാലികമായി രാജ്യം വിടുന്നത് പരിഗണിക്കണം. ഇന്ത്യന്‍ പൗരന്മാരോട് യുക്രൈനിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.