മണി ഹെയിസ്റ്റ് സീരീസ് പ്രചോദനമായി ; തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള കുറ്റകൃത്യം ചെയ്ത സംഘം പിടിയില്‍

പ്രമുഖ സ്പാനിഷ് വെബ് സീരീസായ മണി ഹെയിസ്റ്റ്ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തട്ടിക്കൊണ്ടുപോകലും വിവിധ കുറ്റകൃത്യങ്ങളും നടത്തിയ നാല്‍വര്‍ സംഘം പിടിയില്‍. ഹൈദ്രബാദ് ആത്തപ്പുര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഗുഞ്ചപൊകു സുരേഷ് (27), മെഹ്ദിപട്ടണം സ്വദേശികളായ രോഹിത് (18), ജഗദീഷ് (25), കുനാല്‍ (19) എന്നിവരാണ് ഹൈദരാബാദ് സിറ്റി പോലീസിന്റെ പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ സുരേഷ്, നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാവായ ഗുഞ്ചപൊകു സുധാകറിന്റെ സഹോദരനാണ്. ഓട്ടോ ഡ്രൈവറായ സുരേഷ് മണി ഹെയിസ്റ്റ് സീരിസ് കണ്ടതോടെ ഇതിലെ കഥാപാത്രങ്ങളുടെ ചെയ്തികളില്‍ ആകൃഷ്ടനായി കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.

പരിചയമുള്ള വ്യകതികളുടെ മക്കളെ തട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് ഇവരില്‍ നിന്ന് പണം തട്ടിയെടുക്കുന്നതായിരുന്നു രീതി. ഇവര്‍ നടത്തിയ ഒരു തട്ടിക്കൊണ്ടുപോകലിനെ തുടര്‍ന്ന് പോലീസിന് ലഭിച്ച ഒരു പരാതിയാണ് സംഘത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്. മണി ഹെയിസ്റ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സുരേഷ് ‘പ്രൊഫസര്‍’ ആയി സംഘത്തിന്റെ നേതാവ് ആവുകയായിരുന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്ത് വന്ന സീരീസില്‍ പ്രൊഫസര്‍ എന്ന് വിളിപ്പേരുള്ള കഥാപാത്രമാണ് സംഘം നടത്തുന്ന കൊള്ളയും മറ്റ് കുറ്റകൃത്യങ്ങളുടെയും ആസൂത്രണം നടത്തുന്നത്. ഈ രാതി തന്നെ പിന്തുടര്‍ന്നുകൊണ്ട് സുരേഷ് ഒരു സംഘം രൂപീകരിക്കാനായി ആളുകളെ എടുക്കുകയും ചെയ്തു.

ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ട യുവതിയെ ഉപയോഗിച്ച് കൗമാരക്കാരെ വശീകരിച്ചെടുക്കുകയും തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതായിരുന്നു രീതി. സ്വീറ്റി എന്നറിയപ്പെടുന്ന ശ്വേത ചാരിയെ ഉപയോഗിച്ച് ഹണിട്രാപ്പ് തട്ടിപ്പുകളും സംഘം നടത്തിയിരുന്നതായും പോലീസ് പറയുന്നു. ഇവര്‍ ഒളിവിലാണെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാണെന്നും പോലീസ് പറഞ്ഞു. സംഘത്തിലേക്ക് ആളുകള്‍ക്ക് സീരീസിലെ കഥാപാത്രങ്ങളായ ബെര്‍ലിന്‍, ടോക്യോ, റിയോ, നെയ്റോബി എന്നിങ്ങനെ പേരുകളും നല്‍കി. തുടര്‍ന്ന് ഇവര്‍ പലരെയും തട്ടിക്കൊണ്ടുപോയി പണം തട്ടുകയായിരുന്നു. സീരീസിലെ കഥാപാത്രങ്ങളെ പോലെ മാസ്‌കുകള്‍ ധരിച്ചാണ് ഇവര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്.

സുരേഷിന് പരിചയുമുള്ള ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള വ്യക്തികളുടെ മക്കളെയാണ് സംഘം തട്ടിക്കൊണ്ടുപോകാനായി ലക്ഷ്യമിട്ടിരുന്നത് എന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ ഗുഡിമാല്‍ക്കപുര്‍ സ്വദേശിയായ 19 വയസ്സുകാരനെ ഇവര്‍ തട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് മോചനദ്രവ്യമായി 50000 രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ലഭിച്ച പരാതിയിന്മേല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാല്‍വര്‍ സംഘം അറസ്റ്റിലായത്.