ശബരിമലയില്‍ ചിരഞ്ജീവിക്കൊപ്പം വന്നത് യുവതിയല്ല

തെലുങ്ക് താരം ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയത് പ്രമുഖ വ്യവസായ ഗ്രൂപ്പായ ഫീനിക്‌സിന്റെ ഉടമയുടെ പത്‌നിയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര്‍. അനന്തഗോപന്‍ വ്യക്തമാക്കി. ചിരഞ്ജീവിയുടെ സന്ദര്‍നവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നത് തീര്‍ത്തും തെറ്റായ വാര്‍ത്തകളും പ്രചാരണവുമാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 13-നാണ് നടന്‍ ചിരഞ്ജീവിയും സംഘവും ശബരിമലയില്‍ എത്തിയത്. ചിരഞ്ജീവിക്കൊപ്പം അദ്ദേഹത്തിന്റെ പത്‌നിയും ഫോണിക്‌സ് ഗ്രൂപ്പ് മേധാവിമാരായ ചുകപ്പള്ളി സുരേഷും ചുകപ്പള്ളി ഗോപിയും ഇവരുടെ ഭാര്യമാരുമുണ്ടായിരുന്നു. എല്ലാ ഭക്തരേയുമെന്ന പോലെ ഇവരേയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് ശബരിമലയിലേക്ക് കടത്തി വിട്ടത്. ചുകപ്പള്ളി ഗോപിയുടെ ഭാര്യ മധുമതി ചുക്കാപ്പള്ളിയുടെ ആധാര്‍ കാര്‍ഡില്‍ അവരുടെ ജനനവര്‍ഷമായി രേഖപ്പെടുത്തിയത് 1966 ആണ്.

ആചാരപ്രകാരം അവര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ യാതൊരു തടസ്സവുമില്ല. വസ്തുതതകള്‍ ഇതാണ് എന്നിരിക്കെ അനാവശ്യ വിവാദങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് അനന്തഗോപന്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ആക്ഷേപം ഉന്നയിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം മുതലാണ് ചിരഞ്ജീവിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വിവാദങ്ങള്‍ ആരംഭിച്ചത്. ചുകപ്പള്ളി ഗോപിയുടെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ശബരിമലയില്‍ വീണ്ടും യുവതികള്‍ പ്രവേശിച്ചുവെന്ന തരത്തിലായിരുന്നു പ്രചാരണം. വളരെ വേഗത്തില്‍ തന്നെ ഈ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. ഇതോടെയാണ് വാര്‍ത്തയില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് തന്നെ രംഗത്ത് എത്തിയത്. അതിനിടെ വിവാദങ്ങളില്‍ മറുപടിയുമായി ചുകപ്പള്ളി ഗോപിയുടെ മകനും രംഗത്ത് എത്തിയിരുന്നു. തന്റെ മാതാവിന് 66 വയസ്സുണ്ടെന്നും ഇതിനുമുന്‍പും അവര്‍ ശബരിമലയില്‍ വന്നിട്ടുണ്ടെന്നും ചുകപ്പള്ളി ഗോപിയുടെ മകന്‍ ഫേസ്ബുക്കില്‍ ഒരു കമന്റിന് മറുപടിയായി പറഞ്ഞിരുന്നു.