വൃക്ക ധാനം ചെയ്ത യുവാവിന് 10 ലക്ഷം രൂപയുടെ ബില്ല് നല്‍കി ആശുപത്രി

മറ്റൊരാള്‍ക്ക് നന്മ ചെയ്യാന്‍ വേണ്ടി സ്വന്തം ശരീരം തന്നെ പണയപ്പെടുത്തി യുവാവിന് ആശുപത്രിയുടെ ഇരുട്ടടി. വൃക്ക ദാനം ചെയ്ത യുവാവിന് അധികൃതര്‍ നല്‍കിയത് 10 ലക്ഷം രൂപയുടെ മെഡിക്കല്‍ ബില്ല്. എന്നാല്‍ സംഭവം യഥാര്‍ത്ഥത്തില്‍ നടന്നതാണ്. എലിയറ്റ് മാലിന്‍ എന്നയാള്‍ക്കാണ് ഈ അനുഭവം ഉണ്ടായത്. തന്റെ ബന്ധുവായ സ്‌കോട്ട് ക്ലൈനിന്റെ അമ്മയുടെ ഒരു ഇമെയില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എലിയറ്റ് വൃക്ക ദാനം ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. സ്‌കോട്ടിന് വൃക്ക നല്‍കാന്‍ കഴിയുന്ന ഒരു ദാതാവിനെ അന്വേഷിക്കുകയായിരുന്നു അവന്റെ അമ്മ. 28കാരനായ സ്‌കോട്ട് വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ചികിത്സയില്‍ കഴിയുകയായിരുന്നു.

ഇമെയില്‍ ലഭിച്ചപ്പോള്‍ ഉടന്‍ തന്നെ അദ്ദേഹം ഡോണര്‍ മാച്ച് സ്‌ക്രീനിംഗിനായി സമ്മതപത്രത്തില്‍ ഒപ്പ് വെയ്ക്കുകയും ചെയ്തു. പിന്നീട് എലിയറ്റ് ടെക്സസിലെ ആശുപത്രിയിലേക്ക് പോയി. അവിടെ വെച്ച് എലിയറ്റും സ്‌കോട്ടും ശസ്ത്രക്രിയയ്ക്ക് വിധേയരായി. ശസ്ത്രക്രിയക്ക് പണം നല്‍കേണ്ടെതില്ലെന്നും സ്‌കോട്ടിന്റെ ഇന്‍ഷുറന്‍സ് സ്‌കീമില്‍ അതിന്റെ ചെലവ് ഉള്‍പ്പെടുത്തുമെന്നുമുള്ള ഉറപ്പ് സ്‌കോട്ടിന് ലഭിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കാര്യങ്ങളാകെ മാറിമറിഞ്ഞു. ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ രക്തപരിശോധനയ്ക്ക് എലിയറ്റിന് 1436 രൂപയുടെ ബില്ലാണ് ലഭിച്ചതെങ്കില്‍ പിന്നീട് ഇടിത്തീ പോലെ അദ്ദേഹത്തിന് ലഭിച്ചത് 10 ലക്ഷം രൂപയുടെ മെഡിക്കല്‍ ബില്ലായിരുന്നു. ബില്ലുകള്‍ സ്‌കോട്ടിന്റെ ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെന്ന് കരുതിയ എലിയറ്റ് അധികം വ്യാകുലപ്പെടാതെ ഇക്കാര്യം ആശുപത്രിയെ അറിയിച്ചു. എന്നാല്‍ പിന്നീട് എലിയറ്റിനെ ഞെട്ടിച്ചത് ആശുപത്രികളില്‍ അനസ്ത്യേഷ്യ സേവനങ്ങള്‍ നല്‍കുന്ന നോര്‍ത്ത്സ്റ്റാര്‍ അനസ്തേഷ്യ എന്ന കമ്പനിയില്‍ നിന്ന് ലഭിച്ച നോട്ടീസാണ്. ബില്ല് അടയ്ക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ നോട്ടീസിലൂടെ എലിയറ്റിന് മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍ ഇത്രയും വലിയ തുകയുടെ ബില്ല് കണ്ട് ആശയക്കുഴപ്പത്തിലായ എലിയറ്റ് താനാണ് വൃക്ക ദാനം ചെയ്തതെന്നും ഈ ബില്‍ തനിക്ക് ബാധകമല്ലെന്നും വിശദീകരിക്കാനായി കമ്പനിയെ വിളിച്ചു സംസാരിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നോര്‍ത്ത്സ്റ്റാറിന്റെ സിഎഫ്ഒ പ്രശ്നം പരിഹരിക്കാമെന്ന് തനിക്ക് ഉറപ്പു നല്‍കിയതായി എലിയറ്റ് പറഞ്ഞു. വൈകാതെ എലിയറ്റിന് കമ്പനിയില്‍ നിന്ന് ഒരു ഇമെയില്‍ ലഭിച്ചു. അതില്‍ അദ്ദേഹത്തിനുണ്ടായ അസൗകര്യത്തില്‍ കമ്പനി ക്ഷമ ചോദിക്കുകയും ബില്ല് അടയ്ക്കേണ്ടതില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അവയവങ്ങള്‍ ദാനം ചെയ്യുന്നവര്‍ക്ക് ഒരിക്കലും ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരിചരണത്തിന് പണം നല്‍കേണ്ട കാര്യമില്ല. സ്വീകര്‍ത്താവിന്റെ ഇന്‍ഷുറന്‍സില്‍ ആ ചെലവുകളെല്ലാം ഉള്‍പ്പെടുന്നു.