പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റി ; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

നയപ്രഖ്യാപന പ്രസംഗം വെച്ച് വിലപേശി ഗവര്‍ണ്ണര്‍ ആരിഫ് ഖാന്‍. സംസ്ഥാനം ഇതുവരെ കാണാത്ത സംഭവികാസങ്ങള്‍ ആണ് ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നത്. നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ മാറി നിന്ന ഗവര്‍ണറെ അനുനയിപ്പിക്കാന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ സര്‍ക്കാര്‍ മാറ്റി. തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ വിയോജിപ്പ് രേഖപ്പെടുത്തി കത്തയച്ച പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ മാറ്റിയതിന് പിന്നാലെ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍.സര്‍ക്കാരിന്റെ അനുനയത്തിന്റെ ഭാഗമായായിരുന്നു പൊതുഭരണ സെക്രട്ടറി മാറ്റിയത്. ശാരദാ മുരളിക്കാണ് പകരം ചുമതല. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന് അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ എ.കെ.ജി സെന്റര്‍ ചര്‍ച്ച നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ജ്യോതി ലാലിനെ മാറ്റാന്‍ തീരുമാനിച്ചത്.

അതുപോലെ മുഖ്യമന്ത്രിയും ഗവര്‍ണറും കൂടിക്കാഴ്ചക്കിടെ പരസ്പരം ക്ഷോഭിച്ച് സംസാരിച്ചുവെന്ന വിവരങ്ങള്‍ പുറത്തുവന്നു. എകെജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളും മറ്റ് നേതാക്കളും മന്ത്രിമാരും ഉണ്ട്. അടിയന്തിര കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. പൊതുഭരണ സെക്രട്ടറിയായ കെആര്‍ ജ്യോതി ലാലിനെ മാറ്റി പകരം ശാരദാ മുരളീധരനെ സെക്രട്ടറിയായി നിയമിച്ചു. മാറ്റം സര്‍ക്കാര്‍ ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തിയത്. മുഖ്യമന്ത്രിക്ക് പിന്നാലെ ചീഫ് സെക്രട്ടറിയും രാജ്ഭവനില്‍ എത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കുന്നത് ഗവര്‍ണ്ണാറുടെ ഭരണ ഘടനാ ബാധ്യതയാണെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ച് തിരികെ സര്‍ക്കാരിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് നാളെ നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക. ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത് തന്നെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അസാധാരണമായ ഒരു പ്രതിസന്ധിയെയാണ് ഇതോടെ സര്‍ക്കാര്‍ അഭിമുഖീകരിച്ചത്. നേരത്തെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നു.
പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ശീതസമരം അവസാനിപ്പിച്ചത്. ഈ അടുത്ത് ജന്മഭൂമി മുന്‍ എഡിറ്ററെ എതിര്‍പ്പ് പരസ്യമാക്കി തന്നെ ഗവര്‍ണറുടെ പി.ആര്‍.ഒ ആയി സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരം രാജ്ഭവനിലെ ഫോട്ടോഗ്രാഫര്‍ക്കും മന്ത്രിസഭായോഗം സ്ഥിരം നിയമനം നല്‍കിയിരുന്നു. കൊടുത്തും വാങ്ങിയും സര്‍ക്കാരും ഗവര്‍ണറും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.