റബ്ബര്‍ വില : തിരഞ്ഞെടുപ്പ് വാഗ്ദാനം ബജറ്റില്‍ പ്രഖ്യാപിക്കണമെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ്
റബ്ബര്‍ വിലസ്ഥിരത പദ്ധതിയില്‍ റബ്ബറിന്റെ അടിസ്ഥാന വില 250 രൂപയായി ഉയര്‍ത്തുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ ബഡ്ജറ്റില്‍ പ്രഖ്യാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കേരള യുവജനപക്ഷം (സെക്യുലര്‍) കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിലെത്തി ഒരു വര്‍ഷക്കാലമായിട്ടും റബ്ബര്‍ കര്‍ഷകര്‍ക്കായി മുന്നണിക്കുള്ളില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയാത്ത കേരള കോണ്‍ഗ്രസ് മാണി വിഭാഗം തികഞ്ഞ പരാജയമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം റബര്‍ ഉല്പാദനവും വിലയും കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ വിലസ്ഥിരത ഫണ്ട് വര്‍ധിപ്പിച്ചു നല്‍കിയേ മതിയാകൂ.
വിപണി വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം സബ്‌സിഡിയായി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന വിലസ്ഥിരതാ പദ്ധതി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. പദ്ധതിയുടെ ആരംഭത്തില്‍ താങ്ങുവില 150 രൂപ ആയിരുന്നെങ്കില്‍ ഇന്നത് കേവലം 170 രൂപയായി മാത്രമാണ് വര്‍ധിച്ചിരിക്കുന്നത്. 2021 ഏപ്രില്‍ മുതല്‍ ലഭിക്കേണ്ട സബ്‌സിഡി തുക അടിയന്തരമായി വിതരണം ചെയ്യണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ.എന്‍ ബാലഗോപാലിന് നിവേദനം നല്‍കിയതായും ഷോണ്‍ പറഞ്ഞു.
യുവജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റ് കൃഷ്ണരാജ് പായിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍. ബൈജു ജേക്കബ്, അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍,റെനീഷ് ചൂണ്ടച്ചേരി,പ്രവീണ്‍ രാമചന്ദ്രന്‍, മാത്യു ജോര്‍ജ്, സച്ചിന്‍ ജെയിംസ്,പ്രവീണ്‍ ഉള്ളാട്ട്,ലിബിന്‍ തുരുത്തിയില്‍, അരുണ്‍ പുതുപ്പള്ളി,ജോബി പാലക്കുടി,ജിജോ പതിയില്‍, ബോണി ഉമ്പുകാടന്‍,ഐസക്ക് ജോസഫ്,ജോജിയോ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു…