അഹമ്മദാബാദ് സ്‌ഫോടന പരമ്പര ; 38 പ്രതികള്‍ക്ക് വധശിക്ഷ
2008 ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ അരങ്ങേറിയ സ്‌ഫോടനപരമ്പരക്കേസില്‍ 38 പേര്‍ക്ക് വധശിക്ഷ. കേസില്‍ ആകെയുണ്ടായിരുന്ന 78 പ്രതികളില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49 പേരെയാണ്. ഇതില്‍ 38 പേര്‍ക്കും വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ഇവരെല്ലാവരും സിമിയുടെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തകരാണ്. പ്രത്യേകജഡ്ജി എ ആര്‍ പട്ടേലാണ് വിധി പ്രസ്താവിച്ചത്. 2008 ജൂലൈ 26-ന് അഹമ്മദാബാദിലെ തിരക്കേറിയ ഓള്‍ഡ് സിറ്റിയില്‍ അടക്കം 20 ഇടങ്ങളിലാണ് സ്‌ഫോടനപരമ്പര നടന്നത്. 56 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 248 പേര്‍ക്കെങ്കിലും പരിക്കേറ്റു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ യാസീന്‍ ഭട്കല്‍ ഉള്‍പ്പടെ 78 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. കേസില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നു. 49 പേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.ഷിബിലി എ കരീം, ശാദുലി എ കരീം, മുഹമ്മദ് അന്‍സാര്‍ നദ്വി, ബി ശറഫുദ്ദീന്‍ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികള്‍. കുറ്റവിമുക്തരാക്കിയവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു.
2008 ജൂലായ് 26 നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. വൈകിട്ട് 6.32നും 7.45നും ഇടയ്ക്കാണ് അഹമ്മദാബാദില്‍ 21 ഇടങ്ങളില്‍ സ്‌ഫോടനമുണ്ടായത്. 246 പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ജനത്തിരക്കേറിയ ഓള്‍ഡ് സിറ്റി അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍. പരുക്കേറ്റവരെ എത്തിച്ച എല്‍ജി, വിഎസ്, സിവില്‍ ആശുപത്രികളിലും സ്ഫോടനം നടന്നതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മണ്ഡലമായ മണിനഗറിലായിരുന്നു ആദ്യ സ്‌ഫോടനം. സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2002 ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തി.
കേസില്‍ 85 പേരെയാണ് ഗുജറാത്ത് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ 78 പ്രതികള്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയായി. പ്രതികള്‍ക്കെതിരൈ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു. വിചാരണ നടക്കുന്നതിനിടെ 2013 ല്‍ പ്രതികളില്‍ ചിലര്‍ ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവവുമുണ്ടായി. തുരങ്കം നിര്‍മിച്ചാണ് പ്രതികള്‍ അന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്.
സ്‌ഫോടനം നടന്ന രീതി :
2008 ജൂലൈ 26 – സിമിയുടെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരില്‍ 14 പേജുള്ള ഒരു ഇ-മെയില്‍ സന്ദേശം ഗുജറാത്തിലെ ടിവി ചാനലുകളുടെ ഓഫീസുകളിലെത്തി. ”ജിഹാദിന്റെ ഉദയം, ഗുജറാത്തിനോടുള്ള പ്രതികാരം” എന്ന് തലക്കെട്ടുണ്ടായിരുന്ന ആ ഇ-മെയിലിലെ ഏഴാം പേജില്‍ ഇങ്ങനെ പറയുന്നു.
”അഹമ്മദാബാദില്‍ സ്‌ഫോടനം നടക്കാന്‍ പോവുന്നു..തടയാമെങ്കില്‍ തടയൂ..”
ഇ-മെയില്‍ കിട്ടി മിനിറ്റുകള്‍ക്കകം ആദ്യ സ്‌ഫോടനം നടന്നു. തിരക്കേറിയ ഓള്‍ഡ് സിറ്റി അടക്കം 20 ഇടങ്ങളില്‍ സ്‌ഫോടന പരമ്പരയുണ്ടായി. ആറര മുതല്‍ ഏഴര വരെ നടന്ന സ്‌ഫോടന പരമ്പരയില്‍ നഗരം രക്തത്തില്‍ കുളിച്ചു. പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളിലും പൊട്ടിത്തെറിയുണ്ടായി.
അന്ന് മരിച്ച് വീണത് 56 പേരാണ്. പരിക്കേറ്റത് 248 പേര്‍ക്കെന്നാണ് ഔദ്യോഗിക കണക്ക്. ഗുജറാത്ത് ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. 2002-ലെ ഗുജറാത്ത് കലാപത്തിനുള്ള പ്രതികാരമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ യാസിന്‍ ഭട്കല്‍, സഫ്ദര്‍ നഗോരി, ജാവേദ് അഹമ്മദ് അങ്ങനെ ആകെ പ്രതികള്‍ 78 പേരായിരുന്നു. അതില്‍ ഒരാളെ പിന്നീട് മാപ്പ് സാക്ഷിയാക്കി. 2009-ല്‍ തുടങ്ങിയ വിചാരണ അവസാനിച്ചത് ഇക്കഴിഞ്ഞ സെപ്തംബറില്‍. സുരക്ഷാ കാരണങ്ങളാല്‍ വിചാരണ പൂര്‍ണമായും വിഡിയോ കോണ്‍ഫറന്‍സ് വഴി ആയിരുന്നു. 49 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയപ്പോള്‍ 28 പേരെ വെറുതെ വിട്ടു. അതില്‍ 22 പേര്‍ക്കും മറ്റ് കേസുകളുള്ളതിനാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ ആകില്ല. വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട ഷിബിലി, ഷാദുലി സഹോദരങ്ങളടക്കം 5 മലയാളികളും കേസില്‍ പ്രതികളാണ്. സിമിയിലെ സജീവ പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസില്‍ മൂന്ന് മലയാളികളെ വെറുതെ വിട്ടിരുന്നു.