1100 പോര്‍ഷേ, 189 ബെന്റ്ലി , ഓഡി ലെംബോര്‍ഗിനി എന്നിങ്ങനെ ആയിരക്കണക്കിന് ആഡംബര കാറുകള്‍ കടലില്‍ ഒഴുകി നടക്കുന്നു

 

പ്രതീകാത്മക ചിത്രം

ആഡംബര കാര്‍ പ്രേമികള്‍ക്ക് അറ്റാക്ക് വരുന്ന ഒരു വാര്‍ത്തയാണ് ഇത്. ആയിരക്കണക്കിന് ആഡംബര കാറുകള്‍ കയറ്റിയ കാര്‍ഗോ കപ്പല്‍ തീപിടിച്ച് മധ്യഅറ്റ്ലാന്റിക് കടലില്‍ ഒഴുകിനടക്കുന്നു. 1100 പോര്‍ഷേ, 189 ബെന്റ്ലി, ഓഡി, ലംബോര്‍ഗിനി എന്നിവയടക്കം നിരവധി കാറുകള്‍ കയറ്റിയ ‘ഫെസിലിറ്റി ഐസ്’ എന്ന കപ്പലാണ് തീപിടിച്ച് നടുക്കടലില്‍ കുടുങ്ങിയിരിക്കുന്നത്. നാലായിരം കാറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പല്‍ ജര്‍മ്മനിയില്‍നിന്ന് യുഎസ്സിലേക്ക് പുറപ്പെട്ടതാണ്.

യാത്രാമധ്യേ തീപിടിച്ചതോടെ 22 ജീവനക്കാരും കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇവര്‍ക്കാര്‍ക്കും പരിക്കുകളില്ല. തീപിടിക്കുമ്പോള്‍ കപ്പല്‍ പോര്‍ച്ചുഗീസിലെ അസോര്‍സില്‍നിന്ന് തെക്കുപടിഞ്ഞാറായി 90 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നുവെന്നാണ് പോര്‍ച്ചുഗീസ് നേവി നല്‍കുന്ന വിവരം. തീ അണയ്ക്കാനായിട്ടില്ലെങ്കിലും കപ്പല്‍ കെട്ടിവലിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിലാണ് ഉടമസ്ഥര്‍. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ ജാപ്പനീസ് ഷിപ്പിങ് ലൈനായ മിത്സുയി ഒ.എസ്.കെ ലൈന്‍സാണ് ഓടിക്കുന്നത്. കപ്പലില്‍ തങ്ങളുടെ വാഹനങ്ങളുണ്ടായിരുന്നതായും അവ യുഎസ്സിലേക്കുള്ളതായിരുന്നുവെന്നും വോക്സ്വാഗന്‍ സ്ഥിരീകരിച്ചു.

കപ്പലിലെ കാറുകളുടെ വിവരം അറിയാമെന്നും കപ്പല്‍ ജീവനക്കാരെ രക്ഷിക്കുന്നതിലാണ് ശ്രദ്ധയെന്നും പോര്‍ഷേ കാര്‍സ് അധികൃതര്‍ പറഞ്ഞു. ഷിപ്പിങ് കമ്പനിയുമായി സംസാരിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. കപ്പലിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. കപ്പലിന് എന്ത് സംഭവിച്ചാലും കാറുകള്‍ക്ക് ഒന്നും പറ്റരുതേ എന്ന പ്രാര്‍ത്ഥനയിലാണ് കാര്‍ പ്രേമികള്‍.