കിഴക്കമ്പലത്ത് CPM പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു

കൊച്ചി : കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി കെ ദീപു (38) ആണ് മരിച്ചത്. ഈ മാസം 12നായിരുന്നു ദീപുവിന് മര്‍ദനമേറ്റത്. തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായിരുന്നു. ട്വന്റി 20യുടെ ലൈറ്റണയ്ക്കല്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ദീപുവിന് നേരെ സി പി എം ആക്രമണം ഉണ്ടായത്.

വീടിന് സമീപമുള്ള റോഡില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന് കെഎസ്ഇബി തടസ്സം നിന്നത് എംഎല്‍എയും സര്‍ക്കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളില്‍ 15 മിനിറ്റ് വിളക്കണച്ചു പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടില്‍ പ്രതിഷേധ സമരത്തില്‍ പങ്കാളിയായി. ഇതിനിടെ സിപിഎം പ്രവര്‍ത്തകരെത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ട്വന്റി ട്വന്റിയില്‍ പ്രവര്‍ത്തിക്കുന്നതിലുള്ള വിരോധത്തില്‍ ദീപുവിനെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് സിപിഎം പ്രവര്‍ത്തകര്‍ എത്തിയതെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്.

ഒന്നാം പ്രതിയായ സൈനുദ്ദീന്‍ ദീപുവിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. തുടര്‍ന്ന് തള്ളി വീഴ്ത്തി. നിലത്ത് വീണ ദീപുവിനെ സൈനുദ്ദീന്‍ ചവിട്ടി. അബ്ദുറഹ്മാനും അസീസും ചേര്‍ന്ന് പുറത്ത് ചവിട്ടുകയും ചെയ്തു. രണ്ടാംപ്രതി ബഷീര്‍ അസഭ്യം പറഞ്ഞു. ദീപുവിനെ കൊലപ്പെടുത്തുമെന്ന് നാലുപേരും ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലാണ് സി പി എം നിലപാട്. മര്‍ദ്ദിച്ചത് ആസൂത്രിതമായി അല്ല എന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. വീടുകളില്‍ ലൈറ്റ് നിര്‍ബന്ധപൂര്‍വ്വം അണയ്ക്കാന്‍ ദീപു ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പാര്‍ട്ടി ഭാഷ്യം.