സ്വപ്നയ്ക്ക് ജോലി ; ഒരറിവും ഇല്ല, സംഘടനയില്‍ നിയമവിരുദ്ധ നീക്കം’, ബിജെപി നേതാവ് കൃഷ്ണകുമാര്‍
സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ്സില്‍ നിയമിച്ചതില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് ബിജെപി നേതാവും കൊല്ലത്ത് നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപിയുമായ എസ് കൃഷ്ണകുമാര്‍. എങ്ങനെയാണ് എച്ച്ആര്‍ഡിഎസ്സില്‍ സ്വപ്നയെ നിയമിച്ചതെന്ന് തനിക്ക് ഒരു അറിവുമില്ല. സ്വപ്നയുടെ നിയമനം തന്നെ നിയമസാധുതയില്ലാത്തതാണ്. നിയമവിരുദ്ധമായ നീക്കങ്ങളാണ് സംഘടനയില്‍ നടക്കുന്നതെന്നും, സംഘടനയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതും എച്ച്ആര്‍ഡിഎസ് ചെയര്‍മാനായ എസ് കൃഷ്ണകുമാര്‍ പറയുന്നു. ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ്) എന്ന സംഘടനയുടെ ചെയര്‍മാനാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി എസ് കൃഷ്ണകുമാര്‍.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന സന്നദ്ധസംഘടനയില്‍ സിഎസ്ആര്‍ ഡയറക്ടറായി ഇന്ന് രാവിലെയാണ് ജോലിയില്‍ പ്രവേശിച്ചത്. സ്വകാര്യ എന്‍ജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോലിയില്‍ പ്രവേശിച്ചത്. പാലക്കാട് അട്ടപ്പാടിയില്‍ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് എച്ച്ആര്‍ഡിഎസ്. വിദേശ കമ്പനികളില്‍ നിന്ന് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുന്നതാണ് സ്വപ്ന സുരേഷിന്റെ ജോലി. ഈ മാസം പതിനൊന്നാം തീയതിയാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന എന്‍ജിഒ സിഎസ്ആര്‍ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് നല്‍കിയത്. പ്രതിമാസശമ്പളം നാല്‍പ്പത്തിമൂവായിരം രൂപയാണ്.
വിദേശത്തും ഇന്ത്യയിലുമുള്ള കമ്പനികളില്‍ നിന്നടക്കം വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭിക്കുവാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് സ്വപ്നയുടെ പ്രധാനചുമതല. ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് വിലയിരുത്തി ശമ്പള ഇനത്തില്‍ വര്‍ധനവ് നല്‍കുമെന്ന് നിയമന ഉത്തരവ് പറയുന്നു. ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന ‘സദ്ഗൃഹ’ എന്ന പദ്ധതിയിലേക്ക് അടക്കമാണ് സ്വപ്ന ഫണ്ട് കണ്ടെത്തേണ്ടത്. ജാമ്യത്തിലിറങ്ങിയശേഷം ജോലിയില്ലാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എച്ച്ആര്‍ഡിഎസ് തയാറായതെന്ന് ചീഫ് പ്രൊജക്ട് കോഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു.
അതേസമയം സെക്രട്ടറി അജി കൃഷ്ണനും ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ എന്ന് അവകാശപ്പെടുന്ന ജോയ് മാത്യു എന്ന ഉദ്യോഗസ്ഥനും രണ്ട് സ്ത്രീ ജീവനക്കാരും ചേര്‍ന്ന് സംഘടനയില്‍ അഴിമതി നടത്തുകയാണ്. സമാന്തരമായി വേറൊരു ഡയറക്ടര്‍ ബോര്‍ഡ് ഉണ്ടാക്കി, അതില്‍ വേറെ ആളുകളെ കുത്തിക്കയറ്റി. തന്നെ വരെ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന പ്രചാരണമാണ് അവര്‍ നടത്തുന്നത്. നിയമപരമായി താന്‍ തന്നെയാണ് ചെയര്‍മാന്‍. അജി കൃഷ്ണന്‍ ഈ സ്ഥാപനത്തിന്റെ പേര് അടക്കം പറഞ്ഞ് എന്‍ഡിഎ മുന്നണിയില്‍ നിന്ന് പല ആനുകൂല്യങ്ങളും പറ്റിയെന്നും ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ്സിന്റെ ബാനറില്‍ അനുജന്‍ ബിജു കൃഷ്ണന് സീറ്റ് ഒപ്പിച്ചെടുത്തുവെന്നും എസ് കൃഷ്ണകുമാര്‍ ആരോപിക്കുന്നു.
ചെയര്‍മാന്‍ എന്ന നിലയില്‍ തന്റെ ഒപ്പടക്കം പല രേഖകളിലും അവര്‍ വ്യാജമായി ഉപയോഗിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് അടക്കം ശേഖരിക്കാനായി ഒരു ഡയറക്ടറുടെ ആവശ്യം ആ സംഘടനയില്ല. വിദേശത്ത് നിന്ന് അടക്കം ഇത്രയധികം ഫണ്ട് വരുന്ന ഒരു എന്‍ജിഒ അല്ല അത്. ചില്ലറ ഫണ്ട് ചിലയിടങ്ങളില്‍ നിന്ന് വരുന്നുണ്ടെന്നല്ലാതെ ഇതില്‍ വലിയൊരു ഫണ്ട് ശേഖരണം നിലവില്‍ നടക്കുന്നില്ല. എന്തെല്ലാമാണ് ഈ സംഘടനയുടെ പേരില്‍ നടക്കുന്ന ഇടപാടുകളെന്നോ ഇവിടത്തെ നിയമനങ്ങള്‍ എന്തെന്നോ തനിക്ക് ഒരു പിടിയുമില്ലെന്നും എസ് കൃഷ്ണകുമാര്‍ പറയുന്നു.