കൊച്ചി മെട്രോ തൂണിലെ ചരിവ് ; കാരണം കണ്ടെത്താന്‍ മണ്ണ് പരിശോധന തുടങ്ങി

കൊച്ചി മെട്രോ തൂണില്‍ ചരിവ് കണ്ടെത്താന്‍ മണ്ണ് പരിശോധന. കൊച്ചി മെട്രോ റെയിലിന്റെ ഇടപ്പള്ളി പത്തടിപ്പാലത്തെ 347-ാം നമ്പര്‍ തൂണിലായിരുന്നു ചരിവ് കണ്ടെത്തിയത്. തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയും ഒപ്പം അതിന്റെ ഉറപ്പും പരിശോധിക്കുന്നുണ്ട്. KMRL നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ തകരാര്‍ ബോദ്ധ്യപ്പെട്ടതോടെ വിശദാശങ്ങള്‍ DMRCയെയും അറിയിച്ചിട്ടുണ്ട്. പാളം ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് ഭാഗമായ വയഡക്ടിന്റെ ചരിവു കൊണ്ടും, പാളത്തിനടിയിലെ ബുഷിന്റെ തേയ്മാനം കൊണ്ടും മെട്രോ പാളത്തില്‍ ചരിവുകളുണ്ടാകാറുണ്ട്. എന്നാല്‍ തൂണിന്റെ ചരിവാണ് പ്രശ്‌നമെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.

KMRLന്റെയും, DMRCയുടെയും എഞ്ചിനിയര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന. തൂണിന്റെ ചരിവാണെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും, ട്രെയിന്‍ സര്‍വീസുകള്‍ അധിക ദിവസം മുടങ്ങാതെ തന്നെ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നുമാണ് KMRL വ്യക്തമാക്കുന്നത്. DMRCയുടെ മേല്‍നോട്ടത്തിലാണ് ആലുവ മുതല്‍ പേട്ട വരെയുള്ള 25 കിലോമീറ്റര്‍ മെട്രോ നിര്‍മ്മിച്ചത്. വയഡക്ടിനും, ട്രാക്കിനുമിടയില്‍ ചെറിയൊരു വിടവ് കഴിഞ്ഞയാഴ്ചയായിരുന്നു ശ്രദ്ധയില്‍പ്പെട്ടത്. തൂണിന്റെ അടിത്തറയ്ക്ക് ബലക്ഷയമുണ്ടായോയെന്ന പരിശോധനയാണ് നടക്കുന്നത്. മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റമാണോ ചരിവിന് കാരണമെന്ന് പരിശോധനയില്‍ വ്യക്തമാകും. പത്തടിപ്പാലം ഭാഗത്ത് മെട്രോ ട്രെയിന്‍ വേഗത കുറച്ചാണ് സര്‍വീസ് നടത്തുന്നത്.തകരാറുകള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള ശ്രമമാണ് KMRL നടത്തുന്നത്. KMRL നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് നേരിയ ചരിവ് ശ്രദ്ധയില്‍പ്പെട്ടത്. ഏറെ സുരക്ഷാ പ്രാധാന്യമുള്ള ഈ വിവരം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) ഇതുവരെ പുറത്തുവിട്ടിട്ടില്ല.