ശ്രീറാം വെങ്കിട്ടരാമന് പുതിയ പദവി നല്‍കി സര്‍ക്കാര്‍ ; കെ.എം.എസ്.സി.എല്‍ എം.ഡിയായി അധിക ചുമതല
മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഡോ. ശ്രീറാം വെങ്കിട്ടരാമന് പുതിയ പദവി നല്‍കി കേരള സര്‍ക്കാര്‍. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ്(കെ.എം.എസ്.സി.എല്‍) എം.ഡിയുടെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് നിലവില്‍ ശ്രീറാം. കെ.എം.എസ്.സി.എല്‍ എം.ഡിയായിരുന്ന ബാലമുരളി ഡി.യെ മാറ്റിയാണ് സ്ഥാനത്ത് ശ്രീറാമിനെ നിയമിച്ച് ജോയിന്റ് സെക്രട്ടറി ടി. സുധീര്‍ ബാബു ഉത്തരവിറക്കിയത്. ബാലമുരളിയെ ഗ്രാമീണ വികസന വകുപ്പ് കമ്മീഷണറായും നിയമിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയകേസിലെ മുഖ്യപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം മദ്യാസക്തിയില്‍ അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ബഷീര്‍ മരിക്കുന്നത്. സംഭവസമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന വാഹന ഉടമയും സുഹൃത്തുമായ വഫ ഫിറോസിനെയും ശ്രീറാമിനെയും പ്രതികളാക്കി കേസെടുത്തു. തുടര്‍ന്ന് ശ്രീറാമിനെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. 2020 മാര്‍ച്ചിലാണ് ആരോഗ്യ വകുപ്പില്‍ കോവിഡ് സ്പെഷല്‍ ഓഫീസറായി സംസ്ഥാന സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചെടുക്കുന്നത്. നേരത്തെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ശ്രീറാമിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഈ സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. നേരത്തെ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചതും വിവാദമാകുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.