കൊടുങ്ങല്ലൂരില്‍ നാലംഗ കുടുംബത്തിന്റെ മരണം ആത്മഹത്യ

Dead Bodyff

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. കിടപ്പുമുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവ് സ്വദേശി ആഷിഫ് (41) ഭാര്യ അബീറ, മക്കളായ അസ്റ ഫാത്തിമ (14) അനൈനുനിസ (7) എന്നിവരെയാണ് ഞായറാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുറിക്കുള്ളില്‍ വിഷവാതകത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കൊടുങ്ങല്ലൂര്‍ പൊലീസ് പറഞ്ഞു. വിഷവാതകം ശ്വസിച്ചാണ് നാലുപേരുടെയും മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിഷവാതകം ഉണ്ടാക്കാന്‍ കാല്‍സ്യം കാര്‍ബണേറ്റും സിങ്ക് ഓക്‌സൈഡും ഇവര്‍ നേരത്തെ വാങ്ങിവെച്ചിരുന്നതായും സൂചനയുണ്ട്. അടച്ചിട്ട മുറിക്കുള്ളില്‍ ചാര്‍ക്കോള്‍ കത്തിച്ചിരുന്നതായും പൊലീസ് പറയുന്നു.

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത് തയ്യാറാക്കി വെച്ചിരുന്നതായും ഉറക്കത്തിനിടെ വിഷവാതകം ശ്വസിച്ച് മരണം സംഭവിച്ചെന്നുമാണ് നിഗമനം. ഇരുനില വീടിന്റെ മുകള്‍നിലയിലായിരുന്നു ആഷിഫും കുടുംബവും താമസിച്ചിരുന്നത്. രാവിലെ ഒമ്പതുമണിയായിട്ടും ആഷിഫും ഭാര്യയും മക്കളും മുറിക്കുള്ളില്‍നിന്ന് പുറത്തുവന്നില്ല. ഇതോടെ താഴത്തെനിലയിലുണ്ടായിരുന്ന സഹോദരി മുകള്‍നിലയിലേക്ക് പോയി പരിശോധിച്ചു. എന്നാല്‍ കിടപ്പുമുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെയാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ എന്തോ കത്തിച്ചുവെച്ചതിന്റെ പുക നിറഞ്ഞതായും ഇവര്‍ പറഞ്ഞിരുന്നു. കിടപ്പുമുറിയിലെ ജനാലകളെല്ലാം അടച്ചിട്ടനിലയിലായിരുന്നു. എയര്‍ഹോളുകളും മറ്റും ടേപ്പ് ഒട്ടിച്ച് അടച്ചിരുന്നു. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനഫലവും ലഭിച്ചാല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണം ലഭിക്കൂ. മുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

ജനാലകള്‍ ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലായിരുന്നു. വേദനയില്ലാതെ മരിക്കാനായിരിക്കാം കാര്‍ബണ്‍ മോണോക്‌സൈഡ് ഉപയോഗിച്ചതെന്നാണ് പൊലീസ് കരുതുന്നത്. 40 വയസുള്ള ആസിഫ് അമേരിക്കയിലെ ഒരു ഐ ടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഏറെ നാളായി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നാണ് ആസിഫിന്റെ ആത്മഹത്യാ കുറിപ്പിലുള്ളത്. വലിയ തുക കടമുള്ളതായും കുറിപ്പില്‍ പറയുന്നു. ഒരു കോടിയിലേറെ രൂപ മുടക്കിയാണ് ആസിഫ് വീട് പണിതത്. അടുത്തിടെ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. ഇതില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ആസിഫെന്നാണ് വീട്ടുകാര്‍ പറയുന്നത്.