സ്വസ്തിക ചിഹ്നം നിരോധിക്കാന്‍ കാനഡ ; എതിര്‍പ്പറിയിച്ച് ഇന്ത്യ
നാസി ചിഹ്നമായിരുന്ന സ്വസ്തിക, അമേരിക്കന്‍ വംശീയവാദികളായ കൂ ക്ലക്സ് ക്ലാന്‍(കെ.കെ.കെ) സംഘത്തിന്റെ മുദ്ര അടക്കമുള്ള വിദ്വേഷസ്വഭാവമുള്ള അടയാളങ്ങളുടെ പരസ്യപ്രദര്‍ശനവും വില്‍പനയുമെല്ലാം നിരോധിക്കാന്‍ കാനഡയുടെ തീരുമാനം. നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എം.പി പീറ്റര്‍ ജൂലിയനാണ് കഴിഞ്ഞയാഴ്ച കാനഡ പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വംശജനും പാര്‍ട്ടി തലവനുമായ ജഗ്മീത് സിങ്ങിന്റെ പിന്തുണയും ബില്ലിനുണ്ട്. 1933-1945 കാലത്തെ ജര്‍മനിയുടെയും 1861-1865 കാലത്തെ അമേരിക്കന്‍ കോണ്‍ഫെഡറേറ്റിന്റെയും പതാകകള്‍ക്കും സൈനിക വസ്ത്രങ്ങള്‍ക്കുമെല്ലാം വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്.
സ്വസ്തികയ്ക്കും കോണ്‍ഫെഡറേറ്റ് പതാകകള്‍ക്കുമൊന്നും കാനഡയില്‍ സ്ഥാനമില്ലെന്നാണ് ജഗ്മീത് ബില്ലിനെക്കുറിച്ച് വ്യക്തമാക്കിയത്. സമൂഹത്തിന് ഒന്നടങ്കം സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നമ്മള്‍ക്കുണ്ട്. കാനഡയില്‍ വിദ്വേഷമുദ്രകള്‍ നിരോധിക്കേണ്ട സമയമായിട്ടുണ്ടെന്നും സിങ് കൂട്ടിച്ചേര്‍ത്തു. ഹിംസയുടെയും അക്രമത്തിന്റെയും ഉള്ളടക്കമുള്ള മുദ്രയാണ് സ്വസ്തികയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ബില്ലില്‍ ആശങ്ക രേഖപ്പെടുത്തി കാനഡയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ രംഗത്തെത്തി. കാനഡ സര്‍ക്കാരിനെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കാനഡയിലെ വിവിധ സംഘടനകളില്‍നിന്നു ലഭിച്ച പരാതികള്‍ പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഹിന്ദുക്കളും ബുദ്ധന്മാരും ജൈനന്മാരുമെല്ലാം പരിപാവനമായി കരുതുന്നതാണ് സ്വസ്തികയെന്ന് ടൊറന്റോ കേന്ദ്രമായുള്ള അഭിഭാഷകയായ രാഗിണി ശര്‍മ പറഞ്ഞു.