കുര്‍ബാന ഏകീകരണം: വിശ്വാസികള്‍ ഏറ്റുമുട്ടലിലേക്ക്; അങ്കമാലി ബിഷപ്പ് ഹൗസിനു മുന്നില്‍ വാക്ക് പോര്

കുര്‍ബാന എകീകരണവുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയില്‍ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്. കുറച്ചു കാലങ്ങള്‍ക്ക് ശേഷമാണു ഇപ്പോള്‍ വീണ്ടും പ്രതിഷേധം കടുക്കുന്നത്. സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തില്‍ എതിര്‍ത്തും അനുകൂലിച്ചും വിശ്വാസികളുടെ പ്രതിഷേധം. എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിനു മുന്നിലായിരുന്നു ഇരു വിഭാഗം വിശ്വാസികളുടെയും പ്രതിഷേധം. പരസ്പര ആരോപണങ്ങളുമായി ഇരുപക്ഷവും കയര്‍ത്തപ്പോള്‍ പൊലീസിന് ഇടപെടേണ്ടി വന്നു. ഏകീകരണത്തെ ശക്തമായി എതിര്‍ക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് ബസിലിക്കയിലെ ഇടവകാംഗങ്ങളാണ് ചേരിതിരിഞ്ഞ് പ്രതിഷേധത്തിന് അണിനിരന്നത്.

സിനഡ് തീരുമാനം താല്‍ക്കാലികമായി നിരോധിച്ച ബിഷപ്പ് ആന്റണി കരിയലിനെതിരെയായിരുന്നു ബസിലിക്ക കുടുംബമെന്ന പേരിലുള്ളവരുടെ പ്രതിഷേധം. ഒരു വിഭാഗം വൈദികരാണ് ഏകീകരണ കുര്‍ബാനയെ എതിര്‍ക്കുന്നതെന്നും ഇതിനി അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞു. സിനഡ് തീരുമാനത്തിന് എതിരെയുള്ള ബിഷപ്പ് ആന്റണി കരിയലിന്റെ സര്‍ക്കുലര്‍ ഇപ്പോള്‍ നിലവില്‍ ഇല്ലെന്നും അതു കൊണ്ടു തന്നെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിനഡ് നിര്‍ദേശിച്ച കുര്‍ബാന അര്‍പ്പിക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു. സെന്റ് മേരിസ് ബസിലിക്കയില്‍ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമാണ് കര്‍ദിനാളിനെ അനുകൂലിക്കുന്നവര്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. പ്രസംഗത്തിനിടെ വിശ്വാസികള്‍ തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് പൊലീസ് ഇടപെട്ടു. നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരണമെന്ന് ആവശ്യപ്പെട്ട മറു വിഭാഗം പള്ളിയില്‍ നിന്നും പ്രകടനമായാണ് എത്തിയത്. കുര്‍ബാനയ്ക്ക് ശേഷം പ്ലക്കാര്‍ഡുകളും കൈകളില്‍ ഏന്തിയായിരുന്നു വിശ്വാസികള്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. നിയമപരമായ ആനുകൂല്യം നല്‍കി പഴയ കുര്‍ബാന രീതി നിലനിര്‍ത്തണമെന്ന് ബസലിക്ക കൂട്ടായ്മ ആവശ്യപ്പെട്ടു.