ചോര കൊതി തീരാതെ കേരള രാഷ്ട്രീയം ; സിപിഎം പ്രവര്‍ത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു
രാഷ്ട്രീയ കുടിപ്പക അവസാനിക്കാതെ കേരളം. 20-20 പ്രവര്‍ത്തകനെ സി പി എം പ്രവര്‍ത്തകര്‍ അടിച്ചു കൊന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറയുന്ന അതേസമയം തന്നെ കണ്ണൂര്‍ തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിലാണ് സംഭവം. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. മത്സ്യ തൊഴിലാളിയാണ് ഹരിദാസ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് തലശ്ശേരി നഗരസഭ, ന്യു മാഹി പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. വീട്ടിന് സമീപത്ത് വെച്ചാണ് ഹരിദാസിന് വെട്ടേറ്റത്. ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് അക്രമം നടന്നത്.
രണ്ട് ബൈക്കുകളിലായി എത്തിയ അക്രമി സംഘമാണ് കൊല നടത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതിക്രൂരമായ രീതിയിലാണ് കൊലപാതകം നടത്തിയത്. ഹരിദാസനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോജരന്‍ സുരനും വെട്ടേറ്റു. ഹരിദാസിന്റെ കാല് വെട്ടിമാറ്റിയ നിലയിലാണ്. ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. ഒരാഴ്ച മുമ്പ് പ്രദേശത്ത് ഉത്സവ പറമ്പില്‍ സി പി എം – ആര്‍ എസ് എസ് സംഘര്‍ഷം ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതല്‍ പൊലവീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
ഹരിദാസന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നൂറിലേറെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ഹരിദാസിന്റെ അന്ത്യയാത്ര. വീട്ടുമുറ്റത്ത് വെച്ചാണ് ഹരിദാസ് അക്രമിക്കപ്പെട്ടത്. ഹരിദാസിന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഇനിയും മുക്തരായിട്ടില്ല. ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കളായ എംവി ജയരാജന്‍, പി ജയരാജന്‍, എഎന്‍ ഷംസീര്‍ എംഎല്‍എ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. പുന്നോലിലെ ക്ഷേത്രത്തില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനും സഹോദരന്‍ സുരേന്ദ്രനുമെതിരെ ഭീഷണി നിലനിന്നിരുന്നു.
ക്ഷേത്രത്തിലെ സംഘര്‍ഷത്തില്‍ സുരേന്ദ്രന് വെട്ടേറ്റിരുന്നു. ഇതിന് ശേഷം ജോലിക്ക് പോലും പോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഹരിദാസിനും സുരേന്ദ്രനും. പരിയാരത്ത് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സംസ്‌കാര ചടങ്ങിന് ശേഷം സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്ലസ് ടു തലത്തിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കം രാഷ്ട്രീയ സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങുകയായിരുന്നു.
സംഭവത്തില്‍ ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. ഹരിദാസനുമായി പുന്നോല്‍ ക്ഷേത്രത്തില്‍ വെച്ച് സംഘര്‍ഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭീഷണി പ്രസം?ഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനേയും കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. ന്യൂമാഹി എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോ?ഗമിക്കുകയാണ്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം. നിലവില്‍ കസ്റ്റഡിയിലുള്ളവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധിക്കുന്നുണ്ട്. ഹരിദാസന്റേത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്ന് വ്യക്തമാക്കിയ കമ്മീഷണര്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും പ്രതികളെല്ലാം ഉടന്‍ അറസ്റ്റിലാവുമെന്നും അറിയിച്ചു.