സ്വാമിയുടെ ലിംഗം മുറിച്ച കേസ് ; പരാതിക്കാരിയും സുഹൃത്തും ഗൂഢാലോചന നടത്തി ; ക്രൈം ബ്രാഞ്ച്
തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. കേസിലെ പരാതിക്കാരിയായ യുവതിയും അവരുടെ സുഹൃത്ത് അയ്യപ്പദാസ് എന്ന ആളും ഗൂഢാലോചന നടത്തിയാണ് ആക്രമണം നടത്തിയതെന്ന് ക്രൈം ബ്രാഞ്ച്. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസമാണെന്നതിനെത്തുടര്‍ന്നാണ് ഇവര്‍ ആക്രമണം നടത്താന്‍ തീരുമാനിച്ചത് എന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. 2017 മെയ് 20ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പകല്‍ യുവതിയും അയ്യപ്പദാസും കൊല്ലത്തെ ബീച്ചില്‍ വെച്ചു പദ്ധതി തയാറാക്കി. അയ്യപ്പദാസ് ആണ് യുവതിക്ക് കത്തി വാങ്ങി നല്‍കിയത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് ജനനേന്ദ്രിയം മുറിക്കുന്നത് എങ്ങനെയാണെന്നു ഇവര്‍ മനസിലാക്കിയത്. കേസില്‍ ഇരുവരെയും പ്രതി ചേര്‍ക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.
ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിയെ മാത്രം പ്രതിയാക്കിയാണ് നേരത്തെ പൊലീസ് കേസെടുത്തിരുന്നത്. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നു എന്നായിരുന്നു യുവതി പരാതി നല്കിയത്. ഇതേത്തുടര്‍ന്ന് ഗംഗേശാനന്ദക്കെതിരെ ബലാല്‌സംഗത്തിന് പൊലീസ് കേസെടുത്തു. എന്നാല്‍ പിന്നീട് പരാതിക്കാരി മൊഴി മാറ്റി പറയുകയും സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നും മുന്‍പ് സ്വാമിയുടെ സഹായിയായിരുന്ന അയ്യപ്പദാസാണ് സ്വാമിയെ ആക്രമിച്ചതെന്നും യുവതി പരാതി നല്കി.
ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച യുവതിയുടെ മൊഴിമാറ്റം പൊലീസ് ഗൗരവമായി എടുത്തില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.തുടര്‍ന്നുള്ള വിശദമായ പരിശോധനയിലാണ് പുതിയ കണ്ടെത്തലുകള്‍.