(1) ആയാസരഹിതമായ വാര്‍ദ്ധക്യത്തിന്…

ആന്റണി പുത്തന്‍പുരയ്ക്കല്‍

നമ്മുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും അവധാനപൂര്‍വ ജീവിതം നമുക്ക് അനിവാര്യമാണ്. ഏകാന്തതയും അനാരോഗ്യവും ഉത്കണ്ഠകളും ആശങ്കകളും പ്രായം കൂടുംന്തോറും കൂടിവരാനുളള സാധ്യത നമുക്ക് അവഗണിക്കാന്‍ കഴിയുകയില്ല. അസ്വസ്ഥമായ മനസ്സ് അമിതമായി ഉത്കണ്ഠകളെ അനുസ്യൂതം സൃഷ്ടിക്കുന്നു. പ്രായമാകുമ്പോള്‍ ചില അപ്രിയ യാഥാര്‍ത്ഥ്യങ്ങള്‍ കൂടി നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമുക്കു വേണ്ടപ്പെട്ടവരുടെ വേര്‍പാടാണ്. നമ്മളും ഒരിക്കല്‍ മരിക്കുമെന്ന ഭയം അനേകര്‍ക്ക് ഒരു പേടിസ്വപ്നമാണ്. മരണഭയമാണ് എല്ലാ ഭയങ്ങളുടെയും അടിസ്ഥാന ഭയം. വാര്‍ദ്ധക്യം എന്ന നിര്‍ണ്ണായക ഘട്ടത്തില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ നമ്മെ സഹായിക്കുന്ന ഒരു ജീവിതരീതിയാണ് അവധാനപൂര്‍വ്വമായ ജീവിതം (mindful living). സര്‍ഗ്ഗാത്മകവും ശാന്തവും ഊര്‍ജ്ജസ്വലവും അനുകമ്പയാല്‍ ശാക്തീകരിക്കപ്പെട്ടതുമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ജീവനകല അഭ്യസിക്കുന്നത് വളരെ നല്ലതാണ്. അഗാധമായ സംവേദനക്ഷമതയുള്ള, ഊര്‍ജ്ജസ്വലമായ വാര്‍ദ്ധക്യ ജീവിതം നയിക്കാന്‍ ഇത് നമ്മെ സഹായിക്കും. ഇത് നമ്മുടെ ശാരീരിക ബുദ്ധിയെ (somatic intelligence) ഉണര്‍ത്താന്‍ സഹായിക്കുന്ന, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു ശാസ്ത്രശാഖ കൂടിയാണ്.

അടിസ്ഥാനപരമായി ഇതൊരു ശ്വാസനാധിഷ്ഠിത അവബോധമാണ്. എല്ലായ്പ്പോഴും എവിടെയും നമ്മുടെ സ്വന്തം മാനസിക അന്തരീക്ഷത്തെയും പ്രവര്‍ത്തനത്തെയും ‘ബോധപൂര്‍വ്വം ബോധവാന്മാരാക്കുന്ന’ പ്രക്രിയയാണിത്. ഇത് നമ്മുടെ സ്വന്തം മനസ്സിനെക്കുറിച്ചും നമ്മള്‍ എന്തു ചെയ്യുന്നുവെന്നതിനെക്കുറിച്ചും ബോധപൂര്‍വ്വം നാം സ്വയം സൃഷ്ടിക്കുന്ന അവബോധമാണ്. ശ്രദ്ധിക്കുന്നതില്‍ അതീവശ്രദ്ധ ചെലുത്തലാണിത്. ഈ ധ്യാനത്തിലൂടെ നാം ഒരു അധിസ്വാനുഭാവ ബോധം (meta cognition) സൃഷ്ടിക്കുന്നു. ഇതുവഴി ദൈനംദിന ജീവിതത്തില്‍ നമുക്ക് എപ്പോഴും സജീവമായി നമ്മുടെ ശാരീരിക പ്രവൃത്തികളെയും മനോവ്യാപരങ്ങളെയും പിന്തുടരാന്‍ കഴിയും. ഇത്തരമൊരു ശ്രദ്ധ കേന്ദ്രീകരിക്കല്‍ ഏറെ നേരം തുടര്‍ന്നാല്‍ നമ്മുടെ തലച്ചോറിലെ അഗ്രമസ്തിഷ്‌കാവൃതി (prefrontal cortex) എല്ലായ്പ്പോഴും ഉത്തേജിപ്പിക്കപ്പെടും.

മനുഷ്യരുടെ ജ്ഞാനാത്മാക ചിന്താശക്തി (cognitive thinking) പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്‌ക മേഖലയാണ് അഗ്രമസ്തിഷ്‌കാവൃതി (PFC). നമ്മുടെ ‘വ്യക്തിത്വ കേന്ദ്രം’ എന്നും അറിയപ്പെടുന്ന തലച്ചോറിന്റെ മുന്‍ഭാഗത്തിന്റെ ഭാഗമാണിത്. കൗമാരത്തിന്റെ അവസാനത്തില്‍ പൂര്‍ണ്ണമായി വികസിക്കുന്ന തലച്ചോറിന്റെ ഈ ഭാഗം നമ്മുടെ യുക്തിചിന്തയുടെ ഇരിപ്പിടമാണ്. മസ്തിഷ്‌കത്തിലെ മറ്റ് ആവൃത്തി (cortical regions) മേഖലകളുമായുള്ള അനേകം സംജോകങ്ങളിലൂടെ തീരുമാനങ്ങള്‍ എടുക്കല്‍, യുക്തിയുക്ത ചിന്തകള്‍, വ്യക്തിത്വ ആവിഷ്‌കാരം സാമൂഹിക വിജ്ഞാനം എന്നിങ്ങനെയുള്ള പല ഉയര്‍ന്ന വൈജ്ഞാനിക പ്രക്രിയകളില്‍ ഈ മേഖല സുപ്രധാന പങ്ക് വഹിക്കുന്നു.

വിവിധ ജീവിതഘട്ടങ്ങളില്‍ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനുള്ള പ്രായോഗികവും വാഗ്ദാനപ്രദവുമായ മാര്‍ഗ്ഗമായി അവധാനപൂര്‍വ്വജീവിത പരിശീലനം സമീപ വര്‍ഷങ്ങളില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ പരിശീലനം പ്രധാനമായും മൂന്ന് മേഖലകളായി തിരിക്കാം. ഒന്നാമതായി, നമ്മുടെ ശ്രദ്ധ മുഴുവനും കേന്ദ്രീകരിക്കുന്ന ധ്യാനം. ഒരു വസ്തു അല്ലെങ്കില്‍ പ്രവൃത്തിയെ നിരീക്ഷിക്കലാണിത്. ഉദാഹരണത്തിന്, നമ്മുടെ ശ്വാസോച്ഛ്വാസത്തെ നിരീക്ഷിക്കല്‍. ഇതൊരു സുസ്ഥിരമായ ശ്രദ്ധ ചെലുത്തലാണ്. ഈ നീരീക്ഷണത്തലിനിടയില്‍ നമ്മുടെ ശ്രദ്ധ വ്യതിചലിച്ചാല്‍ വീണ്ടും ശ്രദ്ധാകേന്ദ്രത്തിലേക്ക് സാവധാനം തിരിച്ചു വരിക. രണ്ടാമത്തെത്, ഒരു വസ്തുവിനെയോ അല്ലെങ്കില്‍ പ്രവൃത്തിയെയോ നിരീക്ഷിക്കാതെ ക്ഷണികമായ പ്രതിഭാസങ്ങളുടെ വിശദമായ സവിശേഷതകള്‍ ശ്രദ്ധിക്കുക എന്നതാണ്. ഉദാഹരണത്തിന്, ധ്യാനസമയത്ത് നാം കേള്‍ക്കാന്‍ ഇടയുള്ള ശബ്ദങ്ങളെ ബോധപൂര്‍വ്വം അറിയുക. മൂന്നാമതായി, തന്നോടും മറ്റുള്ളവരോടുമുള്ള സ്നേഹത്തിന്റെയും അനുകമ്പയുടെയും സാര്‍വത്രിക അവസ്ഥ, സ്നേഹദയ ധ്യാനത്തില്‍ വളര്‍ത്തിയെടുക്കലാണ്.

ജീവിതം സജീവമാകുന്നത് മാനസികവും ശാരീരികവുമായ വെല്ലുവിളികളെ സുഗമമായി നേരിടാനുള്ള ഊര്‍ജ്ജം നമ്മില്‍ നിറയുമ്പോഴാണ്. മനുഷ്യരില്‍ ഭൂരിപക്ഷം പേര്‍ക്കും പ്രായം കൂടുംതോറും മാനസികപിരിമുറുക്കങ്ങള്‍ കൂടി വരാറുണ്ട്. ജീവിതം ആജീവനാന്തം ഒരു പോരാട്ടമായി ഇവര്‍ക്ക് തോന്നും. നിരന്തരമായ ഒരു പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്ക് ആന്തരിക സമതൂലിതാവസ്ഥാപലനം (homeostasis) നിലനിര്‍ത്താന്‍ കഴിയാതെ വരും. ഇതുകൊണ്ടാണ് പ്രായമായവരില്‍ ഉയര്‍ന്ന മാനസികസമ്മര്‍ദ്ദം, ശാരീരിക വേദനകള്‍, അജ്ഞാതരോഗങ്ങള്‍, ശാരീരികവും മാനസികവുമായ ആഘാതങ്ങള്‍ എന്നിവ സംഭവിക്കുന്നത്.

അവധാനപൂര്‍വ്വജീവിതം പ്രായമാകുന്നവര്‍ക്ക് അത്യന്തപേക്ഷിതമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. അന്‍പതു വയസ്സു കഴിഞ്ഞവരിലാണ് ഈ പഠനം നടത്തിയത്. ഈ പരീഷണപഠനത്തില്‍ പങ്കെടുത്തവര്‍ക്ക് മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ധ്യാന ശിക്ഷണവും അച്ചടക്കത്തോടെ ജീവിക്കാനുളള പരിശീലനവും പ്രത്യേകം നല്കി. ഈ പരീക്ഷണങ്ങള്‍ക്ക് വിധേയമായവര്‍ വൈജ്ഞാനികവും വൈകാരികവും ശാരീരികവുമായ അനവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ പരീക്ഷണത്തിന്റെ പ്രധാന ഉദ്ദേശ്യം പ്രായമായവരില്‍ മൂന്ന് മേഖലകളില്‍ സംഭവിക്കുന്ന സ്വാധീനത്തിന്റെ ഒരു അവലോകനം നടത്തുക എന്നതായിരുന്നു. ശ്രദ്ധാപരമായ പ്രകടനം, മാനസിക ക്ഷേമം, ദേഹിക കോശജ്വലനം (systemic inflammation) എന്നിവയായിരുന്നു ഈ മൂന്നു മേഖലകള്‍. ശ്രദ്ധാപൂര്‍വ ജീവിതപരിശീലനം ലഭിച്ചവരില്‍ കൂടുതല്‍ വൈജ്ഞാനികവും വൈകാരികവും മസ്തിഷ്‌കത്തിലെ നാഡീബന്ധവുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍ സിദ്ധിച്ചവരായി കണ്ടു.

അവധാനപൂര്‍വ്വ ജീവിതം നയിക്കാന്‍ സാധിക്കന്നവര്‍ ശാരീരികവും മനസ്സികവുമായ നിരവധി നേട്ടങ്ങള്‍ അനുഭവിക്കുന്നവരാണ്. ഭൂതകാലത്തിന്റെ വേദനകള്‍ അകറ്റി, ഭാവിയെക്കുറിച്ചുളള ആകുലതകള്‍ ഒഴിവാക്കി വര്‍ത്തമാന നിമിഷത്തില്‍ അവബോധം കേന്ദ്രീകരിക്കുന്ന സ്വയം നിര്‍മ്മിത അവസ്ഥയാണ് ശ്രദ്ധാപൂര്‍വ്വ ജീവിതം. ഇവിടെ, ഇപ്പോള്‍ നമ്മുടെ സംവേദനങ്ങള്‍, വികാരങ്ങള്‍, ചിന്തകള്‍, ചുറ്റുപാടുകള്‍ എന്നിവയില്‍ സ്വീകാര്യമായ മനോഭാവത്തോടെ, മുന്‍വിധികള്‍ കൂടാതെ പൂര്‍ണ്ണ അവബോധമുളളവരായി ജീവിക്കുക എന്നാണ് ഇതിനര്‍ത്ഥം.

പ്രായമായവരില്‍ പൊതുവേ കണ്ടുവരുന്ന വിഷാദം കുറയ്ക്കാന്‍ മനഃസാന്നിധ്യത്തിന് കഴിയും. ഈ ധ്യാനത്തിലൂടെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാനും ഭാവിയില്‍ ഈ ലക്ഷണങ്ങള്‍ തിരിച്ചുവരുന്നത് തടയാനും സഹായിക്കും.

വര്‍ദ്ധിച്ച വൈകാരിക നിയന്ത്രണം അവധാനപൂര്‍വ്വ ധ്യാനത്തിലൂടെ നമുക്കു കൈവരിക്കാന്‍ സാധിക്കും. പ്രക്ഷുബ്ധമാകാറുളള നമ്മുടെ വികാരങ്ങള്‍ തിരിച്ചറിയാനും നിയന്ത്രിക്കാനും ഈ പരിശീലനം നമ്മെ സഹായിക്കും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു സാധ്യത. നമ്മുടെ സ്വന്തം വികാരങ്ങളില്‍ നിയന്ത്രണം ചെലുത്താനുള്ള നമ്മുടെ കഴിവിനെ സൂചിപ്പിക്കുന്നു. സാഹചര്യത്തെയും ആവശ്യത്തെയും ആശ്രയിച്ച് നമ്മുടെ വികാരങ്ങള്‍ വര്‍ദ്ധിപ്പിക്കാനോ നിയന്ത്രിക്കുവാനോ കഴിയുമെന്നാണ് ഇതിനര്‍ത്ഥം.

അവധാനപൂര്‍വ്വം ധ്യാനം അഭ്യസിക്കുന്നവര്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള രോഗപ്രതിരോധശേഷി കൈവരിച്ചതായി പഠനങ്ങള്‍ തെളിയിക്കുന്നു. കാന്‍സര്‍ രോഗികളും വിട്ടുമാറാത്തതോ മാരകമായതോ ആയ അസുഖം ബാധിച്ചവരുടെ രോഗവിമുക്തി ധൃതഗതിയില്‍ സംഭവിക്കുന്നതായും ശാസ്ത്രലോകം വെളിപ്പെടുത്തുന്നു.

തീവ്രമായ നിഷേധാത്മക വികാരങ്ങളില്‍ നിന്ന് പിന്മാറാനും അവയെ തിരിച്ചറിയാനും അവയോട് പോരാടുന്നതിനുളള ശക്തി ഈ ധ്യാനത്തിലൂടെ നമുക്കു കൈവരിക്കാന്‍ കഴിയും. വിഷാദരോഗത്തെ മികച്ച രീതിയില്‍ നേരിടാനും കൈകാര്യം ചെയ്യാനും ഇത് നമ്മെ സഹായിക്കും.

അമിതവണ്ണവും അമിതഭാരവുമുളളവരുടെ ശരീരഭാരം കുറയ്ക്കാനും അവരുടെ ഭക്ഷണരീതികളും മനോഭാവവും മെച്ചപ്പെടുത്താനും വിഷാദവും ഉത്കണ്ഠയും കുറയ്ക്കാനും അവധാനപൂര്‍വ്വ ധ്യാനത്തിന് ഗവേഷകന്‍ കണ്ടെത്തിയിട്ടുണ്ട്.

വാര്‍ദ്ധക്യത്തില്‍ അനുഭവപ്പെടുന്ന ഓര്‍മ്മക്കുറവ് പരിഹരിക്കാനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി അവധാനപൂര്‍വ്വ ധ്യാനം സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ശ്രദ്ധാപൂര്‍വ ജീവിതപരിശീലനം നമ്മുടെ ചിന്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ഓര്‍ക്കുന്നതിനോ നമ്മെ സഹായിക്കും. ചിന്തയില്‍ നമനീയത്വവും വ്യക്തതയും വര്‍ദ്ധിപ്പിക്കുവാന്‍ ഇതു നമ്മെ സഹായിക്കും. വാര്‍ദ്ധക്യത്തിലും നിരവധിയായ നമ്മുടെ വൈജ്ഞാനിക കഴിവുകള്‍, വൈവിധ്യമാര്‍ന്ന ദൈനംദിന ജോലികള്‍ ചെയ്യാനും വേഗത്തില്‍ ചിന്തിക്കാനും മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ബൗദ്ധിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് നമുക്ക് സഹായകമാകും.

അവധാനപൂര്‍വ്വ ജീവിതരീതി പരിശീലിക്കുന്നവര്‍ വ്യക്തിബന്ധങ്ങളില്‍ നല്ല സ്വാധീനം ചെലുത്തുമെന്നതിന് തെളിവുകളുണ്ട്. ഈ പരിശീലനം ലഭിച്ചവര്‍ ജീവിതപങ്കാളികളെയും സുഹൃത്തുക്കളെയും കൂടുതല്‍ അംഗീകരിക്കുന്നവരും ബന്ധങ്ങളില്‍ കൂടുതല്‍ സംതൃപ്തരുമായിരിക്കും. പങ്കാളിയുടെ പോരായ്മകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവ മാറ്റാന്‍ ശ്രമിക്കുന്നതിനുപകരം, അവരുടെ പങ്കാളി എല്ലായ്‌പ്പോഴും തികഞ്ഞവനല്ലെന്ന് അംഗീകരിക്കാന്‍ ഇവര്‍ തയ്യാറാകും.

സര്‍വ്വോപരി, വാര്‍ദ്ധക്യത്തില്‍ അനേകംപേര്‍ അനുഭവിക്കുന്ന ഏകാന്തത, വിരസത, ക്ഷോഭം, അസ്വസ്ഥത എല്ലാം അകറ്റാനുളള ഏറ്റവും സുഗമമായ മാര്‍ഗ്ഗം അവധാനപൂര്‍വ്വ ജീവിതരീതിയാണ്.
തുടരും