രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവം ; അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു
തൃക്കാക്കരയില്‍ രണ്ടുവയസുകാരിയെ കൊച്ചിച്ചന് ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിന് ചികിത്സ വൈകിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ ദേഹമാസകലം മുറിവുകള്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. തലക്ക് ക്ഷതമേറ്റതായി സി.ടി സ്കാനില്‍ കണ്ടെത്തിയതായും അടുത്ത 72 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ രാത്രി അപസ്മാരം വന്നതിനെ തുടര്‍ന്നാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മറ്റൊരു ആശുപത്രിയില്‍ നിന്നും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ ശരീരമാസകലം മുറിവുകള്‍ ഉള്ളതായി ആശുപത്രി അധികൃതരുടെ കണ്ണില്‍ പെടുന്നത്. കുട്ടിയുടെ പരിക്കില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിക്ക് മര്‍ദനമേറ്റതായാണ് സംശയം. പഴക്കമുള്ള ചില മുറിവുകളും ശരീരത്തില്‍ നിന്നും കണ്ടെത്തി.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ തലയ്ക്കും മുഖത്തും സാരമായ പരിക്കുള്ളതായി വ്യക്തമായി. പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ അമ്മയും അമ്മൂമ്മയും പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. ഹൈപ്പര്‍ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ നല്കിയ മൊഴി എന്നാല്‍ കുഞ്ഞിനെ മര്‍ദ്ദിച്ചതാണെന്ന് അമ്മൂമ്മ പറഞ്ഞു.
ഇതോടെ ആശുപത്രി അധികൃതര്‍ തൃക്കാക്കര പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്ത് എത്തി അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. തൃക്കാക്കരയ്ക്ക് അടുത്ത് തെങ്ങോലയിലെ കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് അയല്‍വാസികളുടെ മൊഴിയെടുത്തു. കുട്ടിയുടെ മാതാവ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്നാണ് പൊലീസ് പറയുന്നു. കുട്ടിയുടെ മാതാവിന്റെ അനിയത്തിയുടെ ഭര്‍ത്താവിനായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.
തൊങ്ങോലയിലെ വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ അനിയത്തിയും ഭര്‍ത്താവും അവിടെ ഉണ്ടായിരുന്നില്ല. കുട്ടിക്ക് സാരമായി പരിക്കുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പഴംതോട്ടം ആശുപത്രിയിലാണ് കുട്ടിയെ ആദ്യം കൊണ്ടു വന്നത്. അവിടെ നിന്നും ആണ് പിന്നീട് കോലഞ്ചേരിയിലേക്ക് കൊണ്ടു വന്നത്. കുട്ടിയുടെ മുഖത്ത് നല്ല പരിക്കുകളുണ്ടെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നു.