തമിഴ്‌നാട് തദ്ദേശതെരഞ്ഞെടുപ്പ് ; ഡിഎംകെയ്ക്ക് മിന്നും ജയം ; ശ്രദ്ധേയ വിജയങ്ങള്‍ നേടി വിജയ് ഫാന്‍സ്
തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ഡിഎംകെ സഖ്യത്തിന് മിന്നും വിജയം. സംസ്ഥാനത്തെ 21 കോര്‍പ്പറേഷനുകളും ഡിഎംകെ സഖ്യം തൂത്തുവാരി. ആകെയുള്ള 138 മുനിസിപ്പാലിറ്റികളില്‍ 132 എണ്ണത്തിലും ഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 489 നഗരപഞ്ചായത്തുകളില്‍ 391 എണ്ണത്തിലും ഡിഎംകെ സഖ്യം മുന്നിലാണ്. 987 സീറ്റുകളില്‍ ഡിഎംകെ സഖ്യം വിജയിച്ചതായി ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു. എഐഎഡിഎംകെ സഖ്യം ഇതുവരെ ജയിച്ചത് 265 സീറ്റുകളില്‍ മാത്രം. കോണ്‍ഗ്രസ് 65 ഉം ബിജെപി 24 സീറ്റുകളിലും വിജയിച്ചു. സിപിഎമ്മിന് 20ഉം സിപിഐക്ക് 9ഉം സീറ്റുകളില്‍ ഇതുവരെ ജയിക്കാനായി.
അതേസമയം 200 വാര്‍ഡുകളുള്ള ചെന്നൈകോര്‍പ്പറേഷനില്‍ അണ്ണാ ഡിഎംകെ വെറും 14 സീറ്റുകളിലേക്ക് ചുരുങ്ങി. 138 നഗരസഭകളില്‍ 132 ഇടത്ത്ഡിഎംകെ ഭരണമുറപ്പിച്ചു. മൂന്നിടത്ത് അണ്ണാ ഡിഎംകെയും മൂന്നിടങ്ങളില്‍ സ്വതന്ത്രരും ഭരിക്കും. നടന്‍ വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം പുതുക്കോട്ടൈ, വലജാപേട്ട്, കുമാരപാളയംമുനിസിപ്പാലിറ്റികളിലടക്കം ശ്രദ്ധേയ വിജയങ്ങള്‍ സ്വന്തമാക്കി. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിയായ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതിമയ്യത്തിന് യാതൊരു ചലനവുമുണ്ടാക്കാനായില്ല. വെല്ലൂര്‍ കോര്‍പ്പറേഷനിലെ 37 ആം വാര്‍ഡില്‍ മത്സരിച്ച ഡിഎംകെയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ഗംഗനായിക്കിന്റെ വിജയവും ശ്രദ്ധേയമായി.
തമിഴ്‌നാട്ടിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടുന്ന ഏക സ്ഥാനാര്‍ഥിയാണ് ഗംഗാ നായക്. വെല്ലൂര്‍ ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തകയായ അവര്‍ സൗത്ത് ഇന്ത്യ ട്രാന്‍സ്‌ജെന്‍ഡര്‍ അസോസിയേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നുണ്ട്. വെല്ലൂരില്‍ ദിവസ വേതനക്കാരായി ജോലി ചെയ്തിരുന്ന മാതാപിതാക്കളുടെ മകനായാണ് ഗംഗ ജനിച്ചത്. ഇത്തവണ ഡി.എം.കെ മാത്രമല്ല തെരഞ്ഞെടുപ്പില്‍ ട്രാന്‍സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. മൊത്തം 15 ട്രാന്‍സ് വ്യക്തികള്‍ ഈ വര്‍ഷം നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇവരില്‍ പലരും സ്വതന്ത്രരായാണ് മത്സരിച്ചത്.