യുക്രൈന്‍ റഷ്യ പ്രതിസന്ധി : എണ്ണവില കുതിച്ചുയരുന്നു
യുക്രൈന്‍ റഷ്യ പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. രാജ്യന്തര വിപണിയില്‍ എണ്ണ ബാരലിന് 100 ഡോളറിലേക്കാണ് നീങ്ങുന്നത്. ആഗോള ഓഹരിവിപണിയിലും ഇടിവുണ്ടായി. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് വില ഉയര്‍ന്നത്. ആഗോള എണ്ണ ഉത്പാദകരില്‍ നിര്‍ണായക സ്ഥാനമാണ് റഷ്യക്കുള്ളത്. യുക്രൈന്‍ കേന്ദ്രീകരിച്ച് ദീര്‍ഘകാലം യുദ്ധം തുടര്‍ന്നേക്കുമെന്ന സൂചന വന്നതോടെയാണ് എണ്ണവില കുതിക്കുന്നത്. വിമത മേഖലകള്‍ക്ക് സ്വയം ഭരണാധികാരം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കന്‍ യുക്രൈനിലേക്ക് റഷ്യ സൈന്യത്തെ അയച്ചു.
റഷ്യയുടെ നടപടിയെ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു. നീക്കം അധിനിവേശമാണെന്ന് പറഞ്ഞ അമേരിക്ക വിമതമേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമാധാന നീക്കങ്ങള്‍ക്ക് കനത്ത ആഘാതം സൃഷ്ടിച്ചാണ് ഡൊണെസ്‌ക്, ലുഹാന്‍സ്‌ക് പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ചത്. എന്നാല്‍, ഇവിടങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് സൈന്യത്തെ അയക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അതിന് ആരെയും അനുവദിക്കില്ലെന്നുമാണ് യുക്രൈന്‍ പ്രസിഡന്റിന്റെ പ്രതികരണം.
അതിനിടെ റഷ്യക്കെതിരായ നടപടി കടുപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നടപടിയുടെ ഭാഗമായി അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്ക് ബ്രിട്ടണ്‍ ഉപരോധം ഏര്‍പ്പെടുത്തി. മൂന്ന് സമ്പന്നരുടെ ആസ്തി ബ്രിട്ടണ്‍ മരവിപ്പിക്കുകയും ചെയ്തു. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. ബ്രിട്ടനൊപ്പം സഖ്യരാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.
റോസിയാസ് ബാങ്ക്, ഐഎസ് ബാങ്ക്, ജനറല്‍ ബാങ്ക്, പ്രോംസ്വ്യാസ്ബാങ്ക്, ബ്ലാക് സീ ബാങ്ക് എന്നിവയാണ് യുകെ ഉപരോധം ഏര്‍പ്പെടുത്തിയ ബാങ്കുകള്‍. ജെന്നഡി ടിംചെങ്കോ, ബോറിസ് റോട്ടന്‍ബെര്‍ഗ്, ഇഗോര്‍ റോട്ടന്‍ബെര്‍ഗ് എന്നിവരാണ് ഉപരോധം നേരിടുന്ന അതിസമ്പന്നര്‍. ഇവരുടെ ബ്രിട്ടണിലെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും യുകെയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യും. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പുടിന്‍ പ്രഖ്യാപിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ബോറിസ് ജോണ്‍സന്റെ പ്രതികരണം.