‘ന്യൂട്ടന്റെ ആപ്പിള്‍ മരം’ നിലംപൊത്തി ; കാരണമായത് യൂനിസ് കൊടുങ്കാറ്റ്

ലോകത്തിനെ തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തത്തിനു കാരണമായ ‘ന്യൂട്ടന്റെ ആപ്പിള്‍ മരം’ യൂനിസ് കൊടുങ്കാറ്റില്‍ നിലംപൊത്തി. സര്‍ ഐസക് ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണ ബലം കണ്ടുപിടിക്കാന്‍ നിമിത്തമായ യഥാര്‍ഥ ആപ്പിള്‍ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്നാണ് കടപുഴകിയത്. 1954ലാണ് ഈ മരം കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നട്ടുപിടിപ്പിച്ചത്. ഹണി ഫംഗസ് ബാധ മൂലം നാശത്തിന്റെ വക്കിലായിരുന്നെങ്കിലും കഴിഞ്ഞ 68 വര്‍ഷമായി സസ്യോദ്യാനത്തിലെ ആകര്‍ഷക കേന്ദ്രമായിരുന്നു ഈ മരം.

ലിങ്കണ്‍ഷെയറില്‍ വൂള്‍സ്‌ത്രോപ് മാനറിലെ ന്യൂട്ടന്റെ വസതിയുടെ മുന്നിലായിരുന്നു യഥാര്‍ഥ ആപ്പിള്‍ മരമുണ്ടായിരുന്നത്. ഇതില്‍ നിന്ന് ക്ലോണ്‍ ചെയ്‌തെടുത്തത് മൂന്ന് മരങ്ങളായിരുന്നു. അതില്‍ ഒന്ന് നിലംപതിച്ചത് ദുഃഖകരമാണെങ്കിലും കൂടുതല്‍ ക്ലോണുകള്‍ നിര്‍മിക്കാനുള്ള ശ്രമം തുടരുമെന്നാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. മണിക്കൂറില്‍ നൂറു മൈലിലേറെ വേഗതയുള്ള കൊടുങ്കാറ്റാണ് മധ്യ അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് കഴിഞ്ഞദിവസം വീശിയടിച്ചത്. യൂറോപ്പിലാകമാനം കനത്ത നാശനഷ്ടമായിരുന്നു കാറ്റ് വിതച്ചത്. പടിഞ്ഞാറന്‍ യൂറോപ്പില്‍ വിമാനങ്ങളും ട്രെയിനുകളും ഫെറികളും തടസപ്പെട്ടിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.