ഭാര്യ അന്യപുരുഷനോട് ഫോണില്‍ സംസാരിക്കുന്നത് അവിഹിതമല്ല ക്രൂരത ; കേരളാ ഹൈക്കോടതി

ഭര്‍ത്താവിനെ അവഗണിച്ച് ഭാര്യ രാത്രികാലത്ത് ഉള്‍പ്പെടെ അന്യപുരുഷന്മാരുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നത് അവിഹിതം അല്ല എന്ന് ഹൈ കോടതി. എന്നാല്‍ ഇത്തരത്തിലുള്ള ഫോണ്‍ സംഭാഷണം വിവാഹബന്ധത്തോട് കാണിക്കുന്ന ക്രൂരതയാണെന്ന് കോടതി വ്യക്തമാക്കി. ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും തന്നോട് ക്രൂരത കാണിക്കുന്നതായും ആരോപിച്ച് വിവാഹബന്ധം വേര്‍പെടുത്തണമെന്ന ആവശ്യവുമായി ഭര്‍ത്താവ് നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ കുടുംബ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ പരാതിക്കാരന്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

എന്നാല്‍, ഭാര്യ മറ്റൊരാളെ സ്ഥിരമായി ഫോണ്‍ ചെയ്തതു കൊണ്ട് അവര്‍ തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന നിഗമനത്തിലെത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹത്തിന്റെ തുടക്കം മുതല്‍ തന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നും കഴിഞ്ഞ 12 വര്‍ഷമായി തങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യ തന്നോട് കാണിച്ച ക്രൂരത വ്യക്തമാകുന്ന പ്രത്യേക സന്ദര്‍ഭങ്ങള്‍ സംബന്ധിച്ച് ഭര്‍ത്താവ് കോടതിയില്‍ വാദിക്കുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 2012 നവംബര്‍ മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.

അതിനാല്‍, ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13(1)(IA) പ്രകാരം തന്നോട് കാണിച്ച ക്രൂരതയുടെ പേരില്‍ വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഭര്‍ത്താവ് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. വിവാഹത്തിന് മുമ്പും അതിനു ശേഷവും സഹപ്രവര്‍ത്തകനുമായി ഭാര്യ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നതായാണ് ഭര്‍ത്താവ് കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തരത്തില്‍ ഫോണ്‍ വിളിക്കുന്നത് ഇഷ്ടമല്ലെന്ന് ഭര്‍ത്താവ് വ്യക്തമാക്കിയതിന് ശേഷവും, മിക്കവാറും എല്ലാ ദിവസങ്ങളിലും ഒരു ദിവസം തന്നെ പലതവണ ഭാര്യ അന്യപുരുഷനുമായി ഫോണ്‍കോള്‍ തുടര്‍ന്നുവെന്നാണ് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നതെന്നും കോടതി പറഞ്ഞു. ഈ തെളിവുകള്‍ വിവാഹബന്ധത്തിലെ ക്രൂരതയാണ് വ്യക്തമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഭാര്യ സ്ഥിരമായി മറ്റൊരാളെ വിളിക്കാറുണ്ടായിരുന്നു എന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഇരുവരും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന നിഗമനത്തിലെത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയും ആ വ്യക്തിയും തമ്മില്‍ ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ കോള്‍ റെക്കോര്‍ഡുകള്‍ ഭര്‍ത്താവിനുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. ഇത് അവര്‍ തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ തെളിവാണെന്നും വാദിച്ചു. എന്നാല്‍ വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള കുടുംബ കോടതിയുടെ കണ്ടെത്തലുകളില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.

ഒരു പങ്കാളിയുടെ പെരുമാറ്റം മറ്റൊരാളുടെ മനസ്സില്‍ ന്യായമായ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കില്‍ ഇരുവരും തമ്മിലുള്ള ?ദാമ്പത്യ ബന്ധം തുടരുന്നത് സുരക്ഷിതമല്ലെന്നും അത് ക്രൂരതയ്ക്ക് തുല്യമാണെന്നും കോടതി വ്യക്തമാക്കി. ഈ കേസില്‍ രാത്രികാലത്ത് ഉള്‍പ്പെടെ ഭാര്യ ഫോണ്‍ വിളിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്റെ മുന്നറിയിപ്പ് അവഗണിച്ച് ഭാര്യ ആ വ്യക്തിയുമായുള്ള ഫോണ്‍ വിളികള്‍ തുടര്‍ന്നിരുന്നുവെന്നും ഭര്‍ത്താവ് വ്യക്തമാക്കി.