കെപിഎസി ലളിതക്ക് വിട നല്‍കി കലാകേരളം

അരങ്ങൊഴിഞ്ഞ അതുല്യ പ്രതിഭ നടി കെ പി എ സി ലളിതയ്ക്ക് വിട നല്‍കി കലാകേരളം. കെ പി എ സി ലളിതയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. വൈകിട്ട് ആറ് മണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ തുടങ്ങിയത്. നടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. ലളിതയുടെ ഭര്‍ത്താവും സംവിധായകനുമായ ഭരതന്റെ പാലിശേരി തറവാട്ടിലേക്ക് വൈകിട്ട് മൂന്നരയോടെ മൃതദേഹം എത്തിച്ചിരുന്നു. അവിടെ അരമണിക്കൂറോളം പൊതുദര്‍ശനത്തിനുവെച്ചു. അതിന് ശേഷം ലളിത നിര്‍മ്മിച്ച ഓര്‍മ്മ എന്ന വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. അവിടെ ബന്ധുക്കള്‍ മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തി. മകന്‍ സിദ്ദാര്‍ത്ഥന്‍ കെപിഎസി ലളിതയുടെ ചിതയ്ക്ക് തീകൊളുത്തി.

ഇന്നലെ രാത്രി 10.45ഓടെയാണ് നടി അന്തരിച്ചത്. 74 വയസായിരുന്നു. തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ഥ് ഭരതന്റെ ഫ്‌ലാറ്റില്‍ ചൊവ്വാഴ്ച രാത്രി 10.45 ഓടെയാണ് അന്ത്യം സംഭവിച്ചത്. കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. ആയിരക്കണക്കിന് പേര്‍ പ്രിയനടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി 550ലേറെ സിനിമകളില്‍ അഭിനയിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുതവണയും ലളിതയ്ക്ക് ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സനായിരുന്നു. അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.