ലോക ചാമ്പ്യനെ അട്ടിമറിച്ച മിടുക്കന് രാജ്യത്തിന്റെ ആദരം

ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ അട്ടിമറിച്ച ഇന്ത്യന്‍ കൗമാര താരം ഗ്രാന്റ് മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. പ്രജ്ഞാനന്ദയുടെ വിജയത്തില്‍ അഭിമാനിക്കുന്നു എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ‘കുഞ്ഞുമിടുക്കന്‍ പ്രജ്ഞാനന്ദയുടെ വിജയത്തില്‍ നമ്മളെല്ലാം വലിയ സന്തോഷത്തിലാണ്. ലോക ചാമ്പ്യനെ അട്ടിമറിച്ച് പ്രജ്ഞാനന്ദ നേടിയ വിജയത്തില്‍ ഏറെ അഭിമാനം. അവന്റെ ശോഭനമായ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നു’- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. എയര്‍ തിങ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ആണ് അട്ടിമറി നടന്നത്.

ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണ് അടിതെറ്റിയത്. 39 നീക്കങ്ങള്‍ക്കൊടുവിലാണ് പ്രജ്ഞാനന്ദയുടെ വിജയം. ടൂര്‍ണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയം കൂടിയാണിത്. ഇതിനുമുന്‍പ് ഒരു വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമാണ് പ്രജ്ഞാനന്ദ നേടിയത്. ലെവ് ആരോനിയനെതിരെയാണ് ആദ്യ വിജയം. ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കാള്‍സണോട് തോല്‍വി വഴങ്ങിയ നെപ്പോമ്‌നിയാച്ചിയാണ് നിലവില്‍ ടൂര്‍ണമെന്റില്‍ മുന്നിട്ടുനില്‍ക്കുന്നത്. 19 പോയന്റാണ് താരത്തിനുള്ളത്. 16 താരങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.ആകെ 15 മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ ഒരു താരത്തിന് ലഭിക്കുക.