ഉക്രൈയിന്‍ ; ഇന്ത്യക്കാരെ നാലു രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കും ; ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു
യുക്രൈയിനില്‍ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാലു രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കാന്‍ തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരെ സഹായിക്കാന്‍ ടീമുകളെ അതിര്‍ത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളുമായി സഹകരിച്ച് തിരിച്ചെത്തിക്കാന്‍ ശ്രമം. ഇതിനായി ഉക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രത്യേക സംഘത്തെ അയച്ചു. ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാസ്‌ക്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രത്യേക സംഘത്തെ അയച്ചത്.
അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടത് എന്നതാണ് ഇപ്പോഴത്തെ വിവരം. നേരത്തെ യുക്രൈയിനും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രെയ്ന്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. ‘ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള, ബഹുമാനിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം.’- യുക്രെയ്ന്‍ സ്ഥാനപതി ഇഗോര്‍ പൊലിഖ പറഞ്ഞു.റഷ്യയും യുക്രൈയ്‌നും തമ്മിലുള്‌ല യുദ്ധത്തിലേക്ക് നേരിട്ടില്ലെന്ന് പ്രഖ്യാപിച്ച് നാറ്റോ കൈകഴുകി. സഖ്യരാജ്യങ്ങള്‍ക്ക് സ്വന്തം നിലയില്‍ സഹായം നല്‍കാമെന്നാണ് നിലപാട്. ഇതോടെ യുദ്ധ മുഖത്ത് ഒറ്റപ്പെട്ട യുക്രൈന്‍ ലോക രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചു. തങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കണമെന്നും റഷ്യയെ ഒറ്റപ്പെടുത്തണമെന്നും വ്‌ലാദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു.
അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തത് മുതല്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സഹായത്തിനെത്തുമെന്ന വിശ്വാസത്തിലായിരുന്നു യുക്രൈന്‍. ആള്‍ ബലത്തിലും ആയുധങ്ങളുടെ എണ്ണത്തിലും ഏറെ മുന്നിലുള്ള പുടിന്റെ സൈന്യത്തിനെതിരെ യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെ പിടിച്ചു നില്‍ക്കാമെന്ന ധാരണയായിരുന്നു യുക്രൈന്. അതിനിടെ യുക്രൈനിലെ ചെര്‍ണോബിലിലും റഷ്യന്‍ സേനയെത്തി. അവിടത്തെ ആണവ അവശിഷ്ട സമ്പരണ കേന്ദ്രം റഷ്യന്‍ സേന തകര്‍ത്തതായാണ് സൂചന. ഇന്ന് പുലര്‍ച്ചെയാണ് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രൈനിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിന്‍ നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.