വധ ശിക്ഷ ഒഴിവായത് അറിഞ്ഞ സന്തോഷം അധികമായി ; 55 കാരന്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു
ഇറാനിലാണ് സംഭവം. അക്ബര്‍ എന്ന 55 കാരനാണ് ഹൃദയാഘാതം വന്നു മരിച്ചത്. ഇയാളുടെ വധശിക്ഷ ഒഴിവാക്കി എന്ന വാര്‍ത്ത അറിഞ്ഞ സന്തോഷത്തിലാണ് അക്ബര്‍ മരിച്ചത്. 18 വര്‍ഷം മുമ്പ് ചെയ്ത കൊലപാതകത്തിന് വധശിക്ഷ ലഭിക്കില്ലെന്നറിഞ്ഞതിലുള്ള അമിത സന്തോഷമാണ് മരണം വിളിച്ചു വരുത്തിയത്. തന്റെ 37-ാം വയസ്സിലാണ് അക്ബര്‍ എന്നയാള്‍ ബന്ദര്‍ അബ്ബാസ് നഗരത്തില്‍ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ശക്തമായ തെളിവുകളെ തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്ത അക്ബറിനും ദാവൂദ് എന്ന മറ്റൊരാള്‍ക്കും കോടതി വധശിക്ഷ വിധിച്ചു. കേസില്‍ അറസ്റ്റിലായ മറ്റു രണ്ടുപേര്‍ക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു.
ഇറാനിലെ ശരീഅത്ത് നിയമപ്രകാരം ദാവൂദിന്റെ വധശിക്ഷ നടപ്പിലായതോടെ അക്ബര്‍ രക്ഷപ്പെടാനുള്ള സാധ്യതയും മങ്ങി. ഇതോടെ, മരണത്തെപ്പറ്റിയുള്ള ഭയത്തോടെയാണ് ഇയാള്‍ ജയിലില്‍ കഴിച്ചുകൂട്ടിയിരുന്നത്. മാപ്പ് തേടി അക്ബറിന്റെ കുടുംബം കൊല്ലപ്പെട്ടയാളുടെ മാതാപിതാക്കളെ പലതവണ സമീപിച്ചെങ്കിലും ഇസ്ഫഹാന്‍ സ്വദേശികളായ അവര്‍ വഴങ്ങിയിരുന്നില്ല. വധശിക്ഷ നടപ്പിലാക്കാനുള്ള ദിവസങ്ങള്‍ അടുത്തതോടെ അക്ബറിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നു. ഇതോടെ ജയില്‍ അധികൃതര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സമീപിച്ചു. ആയിരം കിലോമീറ്ററോളം സഞ്ചരിച്ചെത്തിയ ജയില്‍ അധികൃതരുടെ അപേക്ഷ ഇത്തവണ തഴയപ്പെട്ടില്ല. മാപ്പുനല്‍കാമെന്ന് അവര്‍ അറിയിച്ചു. മാപ്പു ലഭിച്ച വഴി അധികൃതര്‍ വഴി അറിഞ്ഞ അക്ബര്‍ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.