യുദ്ധം തുടങ്ങി ; ഞെട്ടലില്‍ ലോകം ; ഓഹരി വിപണി കൂപ്പുകുത്തി
സംഭവിക്കരുതേ എന്ന് ആഗ്രഹിച്ചത് സംഭവിച്ചു. ലോകസമാധാനം തന്നെ ഇല്ലാതാക്കി ഉക്രൈനെ കടന്നാക്രമിച്ചു റഷ്യ. ഉക്രൈന്റെ മൂന്നുഭാഗത്തുനിന്നും വളഞ്ഞിട്ട് റഷ്യന്‍ ആക്രമണം. മലയാളികളടക്കം നിരവധി ഇന്ത്യക്കാരുള്ള ഒഡേസയില്‍ കനത്ത വ്യോമാക്രണമാണ് റഷ്യ തുടരുന്നത്. ഇവിടെ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി പേരെ കാണാതായിട്ടുമുണ്ട്. വ്യോമാക്രണത്തിനു പിന്നാലെ കരമാര്‍ഗവും റഷ്യന്‍ സൈന്യം യുക്രൈനിലേക്ക് ഇരച്ചുകയറുകയാണ്. തെക്ക്, കിഴക്ക്, വടക്ക് അതിര്‍ത്തികളെല്ലാം വളഞ്ഞാണ് റഷ്യന്‍ ആക്രമണം. ഇക്കാര്യം യുക്രൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രൈന്‍സൈന്യം കടുത്ത പോരാട്ടം തുടരുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേല്‍ പോദോലിയാക് പറഞ്ഞു.
റഷ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ പൗരന്മാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സൈനികമായും സാമ്പത്തികമായും സാങ്കേതികമായുമെല്ലാമുള്ള ലോകത്തിന്റെ സഹായം തങ്ങള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രൈന്‍ അതിര്‍ത്തിയിലൂടെ ചെര്‍നിഹിവ്, ഖാര്‍കിവ്, ലുഹാന്‍സ്‌ക് എന്നീ മേഖലകളിലേക്ക് റഷ്യന്‍ സൈന്യമെത്തിയിട്ടുണ്ട്. നേരത്തെ പിടിച്ചടക്കിയ ക്രീമിയ വഴിയും റഷ്യന്‍ സൈന്യം യുക്രൈനില്‍ പ്രവേശിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
റഷ്യന്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ യുക്രൈനില്‍ പട്ടാളനിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് വ്ളാദ്മിര്‍ സെലെന്‍സ്‌കി. റഷ്യ യുക്രൈന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സെലെന്‍സ്‌കിയുടെ പ്രഖ്യാപനം. അതിനിടെ, പ്രത്യാക്രമണത്തില്‍ 50 റഷ്യന്‍ സൈനികരെ വധിച്ചതായും നാല് ടാങ്കറുകളും ആറ് റഷ്യന്‍ വിമാനങ്ങളും തകര്‍ക്കുകയും ചെയ്തതായി യുക്രൈന്‍ അവകാശപ്പെട്ടു. ഖാര്‍കീവ് നഗരത്തിന്റെ കിഴക്ക് ഭാഗത്താണ് യുക്രൈന്റെ പ്രത്യാക്രമണമുണ്ടായത്. ഇവിടെ പാതയോരത്തുണ്ടായിരുന്ന നാല് റഷ്യന്‍ ടാങ്കറുകള്‍ തകര്‍ത്തു. ലുഹാന്‍സ്‌ക് നഗരത്തിനടുത്ത് 50 റഷ്യന്‍ സൈനികരെ വധിച്ചുവെന്നും ആറാമത്തെ റഷ്യന്‍ യുദ്ധവിമാനം കൂടി തകര്‍ത്തിട്ടെന്നും യുക്രൈന്‍ വെളിപ്പെടുത്തി.
വിമതമേഖലയായ ലുഹാന്‍സ്‌കില്‍ ഉള്‍പ്പെടെ ആറ് റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു റഷ്യന്‍ ഹെലികോപ്റ്ററും വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയ്ന്‍ സൈന്യം അറിയിച്ചതായി വാര്‍ത്താ എജന്‍സി റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധയിടങ്ങളില്‍ അതിഭീകരമായ തുടര്‍ സ്ഫോടനങ്ങള്‍ നടന്നതോടെയാണ് യുക്രെയ്ന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയത്. റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാന്‍ പോകുന്നില്ലെന്നും. യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, യുക്രൈന്‍ ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഭരണകൂടത്തിന് ഏതുനടപടിക്കുമുള്ള സമ്പൂര്‍ണ അധികാരത്തോടെയാണ് അടിയന്തരാവസ്ഥ നിലവില്‍ വന്നിരിക്കുന്നത്. ഗതാഗതത്തിനും പുറത്തിറങ്ങിയുള്ള സഞ്ചാരങ്ങള്‍ക്കുമെല്ലാം കടുത്ത നിയന്ത്രണമുണ്ടാകും. പട്ടാളനിയമം കൂടി പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുക്കും.