വാഹനങ്ങള്‍ക്ക് നികുതിക്കു മേല്‍ നികുതി : ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു
വാഹനങ്ങളുടെ അടിസ്ഥാന വിലയോടൊപ്പം സെസ്സും, ജി.എസ്.റ്റിയും ഉള്‍പ്പടെയുള്ള നികുതികള്‍ ചുമത്തിയതിനുശേഷം ആ തുകയ്ക്ക് റോഡ് ടാക്സ് ഈടാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ പൊതുപ്രവര്‍ത്തകനും, ജില്ലാ പഞ്ചായത്തംഗവും, ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് സര്‍ക്കാറിന് നോട്ടീസ് നല്കി. നിലവില്‍ ഒരു വാഹനം വാങ്ങുമ്പോള്‍ അതിന്റെ അടിസ്ഥാന വിലയോടൊപ്പം 20 ശതമാനം സെസ്സും 28 ശതമാനം ജി.എസ്.ടിയും ഉള്‍പ്പടെ 48 ശതമാനം നികുതിയാണ് ഉപഭോക്താവ് നല്‍കേണ്ടത്.
എന്നാല്‍ വാഹനത്തിന്റെ അടിസ്ഥാന വിലയില്‍ നിന്ന് റോഡ് ടാക്സ് ഈടാക്കുന്നതിന് പകരം സെസ്സും,ജി.എസ്.റ്റിയും ഉള്‍പ്പെടെയുള്ള വിലയുടെ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍ റോഡ് ടാക്സ് ഈടാക്കുന്നത് . ഇന്ത്യയില്‍ തന്നെ ആറോളം സംസ്ഥാനങ്ങളില്‍ വാഹനങ്ങളുടെ അടിസ്ഥാന വിലയില്‍ നിന്ന് റോഡ് ടാക്സ് ഈടാക്കുന്നത്. ജി.എസ്.റ്റി പ്രാബല്യത്തില്‍ വന്നതിനു ശേഷം ജി.എസ്.റ്റി കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ ഇത്തരത്തില്‍ നികുതി ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമില്ലെന്നും ഷോണ്‍ ജോര്‍ജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഷോണ്‍ ജോര്‍ജിന് വേണ്ടി അഡ്വ. നിനു.എം.ദാസ്, അഡ്വ.സുജ.എസ് എന്നിവരാണ് കേസ് വാദിക്കുന്നത്.