മോദിജിയുടെ വാക്കുകള്‍ പുടിന് അവഗണിക്കാനാകില്ല എന്ന് യുക്രെയ്ന്‍ ; നാറ്റോ സഹായിക്കില്ല എന്ന് വ്യക്തമായി
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ യുക്രെയ്ന്‍ സ്ഥാനപതി ഐഗോര്‍ പൊലിഖ. റഷ്യ നടത്തുന്നത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും ഇത് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി സംസാരിക്കണമെന്നുമാണ് പൊലിഖ ആവശ്യപ്പെട്ടത്. ‘ലോകനേതാക്കള്‍ പറഞ്ഞാല്‍ പുടിന്‍ അനുസരിക്കുമോയെന്ന് എനിക്കറിയില്ല. ആഗോള തലത്തിലുള്ള തങ്ങളുടെ സര്‍വ്വശക്തിയുമെടുത്ത് ഇന്ത്യ ഇക്കാര്യത്തില്‍ ഇടപെടണം. ഞങ്ങള്‍ ഇന്ത്യയുടെ പിന്തുണ തേടുന്നു. മോദിജി ആദരണീയനായ നേതാവാണ്. റഷ്യയുമായി ഇന്ത്യക്ക് പ്രത്യേക ബന്ധമാണുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം. മോദിജിയുടെ ശക്തമായ പ്രതികരണം പുടിനെ ഒന്ന് ചിന്തിക്കാനെങ്കിലും പ്രേരിപ്പിക്കും’- പൊലിഖ പറഞ്ഞു.
ലോകത്തെ വിഴുങ്ങിയേക്കാവുന്ന ഒരു പ്രതിസന്ധി ഒഴിവാക്കാന്‍ റഷ്യയുമായുള്ള ശക്തമായ ബന്ധം ഇന്ത്യ ഉപയോഗിക്കണമെന്ന് പൊലിഖ അഭ്യര്‍ത്ഥിച്ചു. മൂന്ന് ഭാഗത്ത് നിന്നും അക്രമം നേരിടുന്നതിനാല്‍ യുക്രെയ്ന്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും പൊലിഖ പറഞ്ഞു. യുക്രെയ്നിന്റെ കിഴക്ക്, വടക്ക്, വടക്ക് – പടിഞ്ഞാറ് എന്നീ ദിശകളില്‍ നിന്നും ബെലാറസ് വഴിയും ആക്രമണം നടത്തുന്ന റഷ്യന്‍ സൈന്യത്തെയാണ് പൊലിഖ പരാമര്‍ശിച്ചത്. അതേസമയം റഷ്യന്‍ ആക്രമണത്തിന് എതിരെ ഉക്രൈന് നാറ്റോ സഹായം അസ്തമിച്ചു. അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ല എന്നാണ് നാറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) തീരുമാനം.
നാറ്റോയുടെ അംഗരാജ്യങ്ങളില്‍ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം നല്‍കിയേക്കാമെങ്കിലും നാറ്റോ ഒരു സംഘടന എന്ന നിലയില്‍ ഒരു തരത്തിലും സംയുക്ത സൈനിക നീക്കത്തിനില്ല എന്നും പ്രഖ്യാപിക്കുന്നു. ഒരു മഹാമാരി ലോകത്തെ കീഴടക്കിയ കാലത്ത്, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയ്ക്ക് എതിരെ ഒരു സൈനികനീക്കത്തിന് നാറ്റോയില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. സംയുക്തസൈനികനീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് മറ്റൊരു ലോകയുദ്ധത്തിന് വഴി വച്ചേനെ എന്നും വിദേശകാര്യവിദഗ്ധര്‍ നിരീക്ഷിക്കുന്നു.