യുക്രൈന്‍ സര്‍വകലാശാലകളില്‍ രണ്ടായിരത്തിലധികം മലയാളികള്‍ വിദ്യാര്‍ത്ഥികള്‍
യുക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ ആശങ്കയായി മലയാളി വിദ്യാര്‍ത്ഥികള്‍. ഏകദേശം രണ്ടായിരത്തില്പരം മലയാളി വിദ്യാര്‍ത്ഥികളാണ് ഉക്രൈനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നത്. യുക്രൈനില്‍ 2320 മലയാളി വിദ്യാര്‍ത്ഥികളുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുന്നത്. ഇവരെ തിരികെ എത്തിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തെഴുതി. യുക്രൈനിലേക്ക് കര മാര്‍ഗം റഷ്യയില്‍ നിന്ന് പ്രവേശിക്കുന്ന പ്രധാനനഗരങ്ങളാണ് ഖാര്‍കിവും ഒഡേസയും. വ്യോമാക്രമണത്തിന് പിന്നാലെ കരമാര്‍ഗവും ഈ നഗരങ്ങളിലേക്ക് റഷ്യന്‍ സൈന്യം പ്രവേശിച്ചതോടെ കനത്ത ആശങ്കയിലാണ് കുട്ടികള്‍.
ഇതില്‍ ഖാര്‍കിവ് സര്‍വകലാശാലയുടെ ഹോസ്റ്റലിന് മുന്നില്‍ സ്‌ഫോടനമുണ്ടായെന്നും ഇത് നേരിട്ട് കണ്ടെന്നും ഇവിടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റഷ്യന്‍ സൈന്യം ഒഡേസ തുറമുഖത്ത് ആക്രമണം തുടങ്ങിക്കഴിഞ്ഞു. ഖാര്‍കിവ് നഗരത്തിന്റെ അതിര്‍ത്തി വഴിയും സൈന്യം ഇവിടേക്ക് പ്രവേശിക്കുന്നു.യുക്രൈനിലെ ഒഡേസ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ 200 മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ 13 മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിയിരിക്കുന്നത്. ഒഡേസ തുറമുഖത്ത് ഇന്ന് രാവിലെ റഷ്യ ആക്രമണം തുടങ്ങിയിരുന്നു. സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നാണ് നോര്‍ക്കയും അറിയിക്കുന്നത്.
വിദ്യാര്‍ത്ഥികളില്‍ പലരും പല എയര്‍ ഇന്ത്യ വിമാനങ്ങളിലായി തിരികെ വരാനിരുന്നവരാണ്. എയര്‍ ഇന്ത്യ വിമാനം ഇറങ്ങേണ്ടിയിരുന്ന ബോറിസ്പില്‍ വിമാനത്താവളത്തില്‍ റഷ്യന്‍ ആക്രമണമുണ്ടായി. ഇത്തരത്തില്‍ ആക്രമണമുണ്ടായേക്കും എന്ന് നേരത്തേ വിവരം ലഭിച്ചതിനാല്‍ നേരത്തേ ദില്ലിയില്‍ നിന്ന് പുറപ്പെട്ട വിമാനം തിരികെ മടങ്ങിയിരുന്നു. ബെലാറഷ്യന്‍ സൈന്യവും കൂടി പങ്കെടുത്ത ആക്രമണമാണ് ഈ വിമാനത്താവളത്തില്‍ നടന്നത്. സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നാണ് നോര്‍ക്കയും അറിയിക്കുന്നത്. യുക്രൈനില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആശങ്കാജനകമാണെന്നാണ് നോര്‍ക സിഇഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്യാത്ത നിരവധി മലയാളി വിദ്യാര്‍ത്ഥികളുണ്ട്. ഇവരുടെ കണക്കെടുക്കുക ഇനി പ്രയാസമാണ്.
കഴിഞ്ഞ ദിവസം വരെ അവിടെ നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലാത്ത കുട്ടികളോട് തിരികെയെത്താന്‍ നേരത്തേ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നതാണ്. ഇതനുസരിച്ച് നിരവധി കുട്ടികള്‍ തിരികെയെത്തി. എന്നാലിപ്പോള്‍ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. വിമാനത്താവളത്തിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പലരെയും തടഞ്ഞിട്ടുണ്ട്. പലരും പല വിമാനത്താവളങ്ങളിലായി കുടുങ്ങി. അവരെല്ലാം വിമാനസര്‍വീസുകള്‍ റദ്ദാക്കിയതോടെ വലിയ പ്രതിസന്ധിയിലാണ്. മറ്റ് കുട്ടികളെ ബന്ധപ്പെടാന്‍ നിലവില്‍ മാര്‍ഗമില്ല. എംബസിയുടെയും നോര്‍ക്കയുടെയും നമ്പറുകള്‍ വ്യാപകമായി എല്ലാവരോടും അറിയിച്ചിട്ടുണ്ട്, പ്രചരിപ്പിക്കുന്നുണ്ട്.