ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സി പി എം പഞ്ചായത്തംഗം അറസ്റ്റില്‍

ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്തി ഒഴിവാക്കാന്‍ ശ്രമിച്ച സി പി എം പഞ്ചായത്തംഗം കൂടിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗം സൗമ്യ സുനില്‍ (39) ആണ് അറസ്റ്റിലായത്. ഇവര്‍ക്ക് മയക്കു മരുന്ന് എത്തിച്ചു നല്‍കിയ എറണാകുളം സ്വദേശികളായ ഷെഫിന്‍(24), ഷാനവാസ് എന്നിവരും അറസ്റ്റിലായി. കാമുകനും വിദേശ മലയാളിയുമായ വണ്ടന്മേട് സ്വദേശി വിനോദുമായി ചേര്‍ന്നാണ് സൗമ്യ കുറ്റകൃത്യത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി മാരക ലഹരി മരുന്നായ എംഡിഎംഎ ഭര്‍ത്താവിന്റെ വാഹനത്തില്‍ ഒളിപ്പിച്ചുവയ്ക്കുകയും. ഇത് പൊലീസിനെ അറിയിക്കുകയുമായിരുന്നു.

വണ്ടന്മേട് പൊലിസ് ആണ് സൗമ്യയേ പിടികൂടിയത്. നേരത്തെ ഇവര്‍ ഭര്‍ത്താവിനെ ഒഴിവാക്കാനായി വാഹനം ഇടിപ്പിച്ചും വിഷം കൊടുത്തും കൊല്ലാന്‍ ആലോചന നടത്തിയിരുന്നെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടന്‍മേട് ഐപിയും ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ ഉടമയായ സുനില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വില്‍പ്പന നടത്തുന്നതായോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തിയതില്‍ ഭര്‍ത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യയും വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ സൗമ്യയുടെ ആസൂത്രിത നീക്കമായിരുന്നു ഇതെന്ന് പൊലീസ് കണ്ടെത്തി.

സൗമ്യയും കാമുകനും വിദേശ മലയാളിയുമായ വിനോദും സുഹൃത്ത് ഷാനവാസും ചേര്‍ന്ന് നടത്തിയ പദ്ധതിയായിരുന്നു വാഹനത്തിലെ മയക്കുമരുന്നെന്ന് പൊലീസ് പറയുന്നു. സമയോചിതമായ ഇടപെടല്‍മൂലം കൊലപാതകത്തില്‍ കലാശിക്കാമായിരുന്ന പ്രതികളുടെ നീക്കം തകര്‍ക്കാനും നിരപരാധിയായ സുനിലിനെ ഇരുമ്പഴിക്കുളളില്‍ ആക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്താനും കഴിഞ്ഞതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവ് സുനില്‍ നിന്നും അകന്നുകഴിഞ്ഞിരുന്ന സൗമ്യ, ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനാണ് കാമുകനൊപ്പം ചേര്‍ന്ന് പദ്ധതി ആസൂത്രണം നടത്തിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 18 ന് വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസും ചേര്‍ന്ന് വണ്ടന്‍മേട് ആമയറ്റില്‍ വച്ച് മയക്കുമരുന്ന് കൈമാറിയത്. ഇത് സൗമ്യ, സുനിലിന്റെ ഇരുചക്ര വാഹനത്തില്‍ വച്ചശേഷം വാഹനത്തിന്റെ ഫോട്ടോ കാമുകന് അയച്ച് കൊടുത്തു. ഇയാള്‍ വിദേശത്തിരുന്ന്, വാഹനത്തില്‍ മയക്കുമരുന്ന് കടത്തുന്നെന്ന വിവരം പൊലീസിന് കൈമാറി. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് സുനിലിനെ എംഎഡിഎംഎയുമായി അറസ്റ്റ് ചെയ്യുന്നത്.

വണ്ടന്‍മേട് സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സൌമ്യയുടെ ഭര്‍ത്തവിന്റെ വാഹനത്തില്‍ നിന്ന് പൊലീസ് മയക്കുമരുന്ന് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിന് സംഭവവുമായി ബന്ധപ്പെട്ട് പങ്കില്ലെന്നു പൊലീസിന് മനസിലാകുകയായിരുന്നു. പിന്നീട് തെളിവുകളുടെ സഹായത്തോടെ അന്വേഷണം അദ്ദഹത്തിന്റെ ഭാര്യയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ കസ്റ്റഡിയിലെടുത്ത സൌമ്യയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. വരും മണിക്കൂറുകളില്‍ കൂടുതല്‍ പേര്‍ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.