തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

തിരുവനന്തപുരം : തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതി പിടിയില്‍. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടിയത്. ഒരാഴ്ച മുന്‍പുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊല നടത്താന്‍ കാരണമെന്നാണ് വിവരം. തിരുവനന്തപുരം തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ ശേഷമായിരുന്നു കൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി നെടുമങ്ങാട് നിന്ന് പിടിയിലായത്. സംഭവം നടക്കുമ്പോള്‍ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായത്. മാലിന്യം കളയാനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്.

കൊലപാതകത്തിനുപയോഗിച്ച കത്തിയും രക്ഷപെടാന്‍ ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു. നെടുമങ്ങാട് പൊലീസും തമ്പാനൂര്‍ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം കൂടുതല്‍ ചോദ്യം ചെയ്യലില്‍ മാത്രമേ വ്യക്തമാകു. നിലവില്‍ പ്രതിയെ തമ്പാനൂരില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ് പൊലീസ്. ഓവര്‍ ബ്രിഡ്ജിലെ സിറ്റി ടവര്‍ ഹോട്ടലില്‍ ഒരാഴ്ച മുന്‍പ് മുറിയെടുക്കാന്‍ എത്തിയപ്പോള്‍ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി ഇയാള്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

എട്ടരയോടെ ബൈക്കിലെത്തിയ അക്രമി ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം വെട്ടുകത്തിയുമായി ഹോട്ടലിലേക്ക് കയറി. റിസപ്ഷനിലുണ്ടായിരുന്ന അയ്യപ്പനെ തലുങ്ങും വിലങ്ങും വെട്ടി. റൂം ബോയ് തിരിച്ചെത്തിയപ്പോഴാണ് അയ്യപ്പനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാല് വര്‍ഷത്തോളമായി ഹോട്ടലിലെ ജീവനക്കാരനാണ് അയ്യപ്പന്‍. കോവിഡ് സമയത്ത് നാട്ടിലേക്ക് പോയ ഇയാള്‍ ഒന്‍പത് മാസം മുമ്പാണ് തിരിച്ചെത്തിയത്. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ പാലത്തില്‍ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്. നേരത്തെയും പല കേസുകളില്‍ പ്രതിയായ അജീഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.